ലഹരിക്കെതിരെ ‘സ്റ്റാന്റ് വിത്ത് തൂഫാൻ’; സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 23ന്
Current: മലയാളം

തിരുവനന്തപുരം: പോളിടെക്നിക് കോളേജുകളെ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സമഗ്ര ലഹരിവിരുദ്ധ പ്രവർത്തന പദ്ധതിയായ ‘STAND WITH TOOFAN’-ന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 23ന് തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പരിപാടി ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കും.
പോളിടെക്നിക് കോളേജുകളെയും കോളേജുകളുടെ 1.5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെയും കേന്ദ്രീകരിച്ചാണ് ‘STAND WITH TOOFAN’ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
സമീപ പ്രദേശങ്ങളിലെ ഗ്രാമങ്ങളിലും ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. കൂടാതെ, കോളേജുകൾക്ക് സമീപമുള്ള പ്രൈമറി സ്കൂളുകളിലും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജയപ്രകാശ് പി. സ്വാഗതം ആശംസിക്കും.
പദ്ധതിയുടെ വിശദീകരണം നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ സ്റ്റേറ്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സുനിൽകുമാർ ബി. നിർവഹിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ മുഖ്യാതിഥിയാകും. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സൂരജ് പങ്കെടുക്കും.




