മറ്റൊരാളുമായി സൗഹൃദത്തിലായതിൽ വൈരം; എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, അധ്യാപകൻ അറസ്റ്റിൽ | Telangana engineering student murder
Current: മലയാളം

ഹൈദരാബാദ്: ആത്മഹത്യയെന്ന് കരുതിയ 20കാരിയുടെ മരണത്തിന് പിന്നിൽ ആസൂത്രിത കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയതോടെ തെലങ്കാനയിൽ ഞെട്ടിക്കുന്ന സംഭവം പുറത്ത്. എൻജിനീയറിങ് വിദ്യാർഥിനിയായ തന്ദ്ര അക്ഷിതാറാണിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് ആരോപണം. സംഭവത്തിൽ സിംഗരേണി കോളിയറീസ് പോളിടെക്നിക്കിലെ ഔട്ട്‌സോഴ്സ്ഡ് ലക്ചറർ നവീൻ കുമാർ (38), സിംഗരേണി ഓവർമാൻ രവി കുമാർ (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. (Telangana engineering student murder)
ഡിപ്ലോമ പഠനകാലത്താണ് അക്ഷിതാറാണി നവീൻ കുമാറിനെ പരിചയപ്പെടുന്നത്. പിന്നീട് മൈനിങ് എൻജിനീയറിങ് പഠനത്തിനായി ഹൈദരാബാദിലേക്ക് പോയ അക്ഷിതാറാണി സിംഗരേണി ഖനിയിലെ അപ്രന്റീസ്ഷിപ്പിനിടെ രവി കുമാറുമായി പരിചയപ്പെട്ടു. അക്ഷിതാറാണി തന്നിൽ നിന്ന് അകന്ന് രവിയുമായി അടുപ്പത്തിലായതിൽ നവീന് വൈരാഗ്യമുണ്ടായെന്നാണ് പെദ്ദപ്പള്ളി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ബി. രാം റെഡ്ഡി പറഞ്ഞത്. സെപ്റ്റംബർ 12ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ എഫ്സിഐ ക്രോസ്റോഡിന് സമീപം നവീൻ അക്ഷിതാറാണിയെ കാറിൽ തടഞ്ഞുനിർത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് രവി കുമാറിനെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിക്കുന്ന തരത്തിലുള്ള കുറിപ്പ് എഴുതാൻ നിർബന്ധിച്ച ശേഷം അക്ഷിതാറാണിയെ കീടനാശിനി കുടിപ്പിച്ചതായും പൊലീസ് ആരോപിക്കുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ ഗോഡാവരിഖനി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും സെപ്റ്റംബർ 13ന് ചികിത്സയ്ക്കിടെ മരിച്ചു.
സംഭവത്തിന് പിന്നാലെ ആത്മഹത്യയാണെന്നായിരുന്നു ആദ്യം പൊലീസ് കരുതിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ, ഫോൺ കോൾ വിവരങ്ങൾ, കോൾ റെക്കോർഡുകൾ തുടങ്ങിയ സാങ്കേതിക തെളിവുകൾ പരിശോധിച്ചതോടെയാണ് സംഭവത്തിന്റെ മറ്റൊരു ചിത്രം അന്വേഷണ സംഘത്തിന് ലഭിച്ചത്. അക്ഷിതാറാണിക്ക് ചികിത്സ വൈകിപ്പിച്ചതായും പിന്നീട് അവരുടെ ഫോണിൽ നിന്ന് പിതാവിനെ ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തതായി വിശ്വസിപ്പിക്കാൻ ശ്രമിച്ചതായും നവീനെതിരെ പൊലീസ് ആരോപിക്കുന്നു.
അന്വേഷണത്തിൽ നവീൻ കുമാറാണ് പ്രധാന പ്രതിയെന്ന് കണ്ടെത്തിയതായും തുടർന്ന് സെപ്റ്റംബർ 20ന് നവീനെയും രവി കുമാറിനെയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ ഉപയോഗിച്ച കാറും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, അക്ഷിതാറാണി രവി കുമാറിനെതിരെ ഉന്നയിച്ച നിർബന്ധിത ശാരീരിക ബന്ധവുമായി ബന്ധപ്പെട്ട ആരോപണത്തിൽ പ്രത്യേക അന്വേഷണം തുടരുകയാണ്. രവിയുടെ ഭാര്യ ആരോപണങ്ങൾ നിഷേധിക്കുകയും സിംഗരേണിയുടെ ആഭ്യന്തര അന്വേഷണത്തിൽ രവിയെ കുറ്റവിമുക്തനാക്കിയിരുന്നുവെന്ന് അവകാശപ്പെടുകയും ചെയ്തു.
Summary: A 20-year-old engineering student in Telangana died after allegedly being forced to consume pesticide, according to police. An outsourced lecturer and a Singareni overman were arrested after CCTV footage, call records and other technical evidence reportedly led investigators to uncover the alleged murder plot.




