63 പ്രകാശവർഷം അകലെ നിന്ന് വിചിത്ര റേഡിയോ തരംഗങ്ങൾ; സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിൽ നിന്ന് ആദ്യമായി സിഗ്നൽ കണ്ടെത്തി |Beta Pictoris b radio signals
Current: മലയാളം

ഭൂമിയിൽ നിന്ന് ഏകദേശം 63 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രഹത്തിൽ നിന്ന് ആവർത്തിച്ച് വരുന്ന റേഡിയോ തരംഗങ്ങൾ കണ്ടെത്തി ശാസ്ത്രജ്ഞർ. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ സ്ഥാനത്തുനിന്ന് നേരിട്ട് റേഡിയോ സിഗ്നൽ തിരിച്ചറിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ സംഭവമാണിത്. ഹാർവാർഡ്-സ്മിത്‌സോണിയൻ സെന്റർ ഫോർ ആസ്‌ട്രോഫിസിക്സിലെയും യൂണിവേഴ്സിറ്റി ഓഫ് ഒറിഗണിലെയും ഗവേഷകരാണ് പഠനം നടത്തിയത്. (Beta Pictoris b radio signals)
ബീറ്റ പിക്ടോറിസ് ബി എന്ന വാതക ഭീമൻ ഗ്രഹത്തിൽ നിന്നാണ് റേഡിയോ തരംഗങ്ങൾ കണ്ടെത്തിയത്. എ-ടൈപ്പ് നക്ഷത്രമായ ബീറ്റ പിക്ടോറിസിനെയാണ് ഗ്രഹം ചുറ്റുന്നത്. 2008ൽ കണ്ടെത്തിയ ഈ ഗ്രഹത്തിന് വ്യാഴത്തിന്റെ ഏകദേശം 11.7 മടങ്ങ് പിണ്ഡമുണ്ടെന്നാണ് നാസയുടെ കണക്ക്. സ്വന്തം നക്ഷത്രത്തെ ഒരു തവണ ചുറ്റാൻ ഏകദേശം 23.6 വർഷമാണ് ഗ്രഹത്തിന് വേണ്ടത്. ഈ നക്ഷത്രവ്യവസ്ഥയിൽ നിന്ന് നേരത്തെ തന്നെ റേഡിയോ തരംഗങ്ങളുടെ സാന്നിധ്യം ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. എന്നാൽ അവ നക്ഷത്രത്തിൽ നിന്നാണോ അതിനെ ചുറ്റുന്ന ഗ്രഹത്തിൽ നിന്നാണോ വരുന്നതെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ദക്ഷിണാഫ്രിക്കയിലെ ശക്തമായ MeerKAT റേഡിയോ ടെലിസ്കോപ്പ് അറേ ഉപയോഗിച്ച് ബീറ്റ പിക്ടോറിസ് സംവിധാനത്തെ പലതവണ നിരീക്ഷിച്ചതോടെയാണ് സിഗ്നലിന്റെ ഉറവിടം ഗ്രഹമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞത്.
ഗ്രഹത്തിന്റെ സ്ഥാനത്തുനിന്ന് തന്നെ ഹ്രസ്വവും ആവർത്തിക്കുന്നതുമായ റേഡിയോ തരംഗങ്ങളാണ് കണ്ടെത്തിയത്. ഇത് അന്യഗ്രഹജീവികൾ അയച്ച സന്ദേശമല്ലെന്നും ഗവേഷകർ വ്യക്തമാക്കി. ഭൂമിയിലെ വടക്കൻ-തെക്കൻ ധ്രുവപ്രകാശങ്ങളോട് സാമ്യമുള്ള, എന്നാൽ വളരെ വലിയ തോതിലുള്ള ഗ്രഹാന്തരീക്ഷത്തിലെ ഓറോറകളാണ് ഈ റേഡിയോ തരംഗങ്ങൾക്ക് കാരണമാകുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ബീറ്റ പിക്ടോറിസ് ബി വളരെ വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹമാണ്. ഏകദേശം എട്ട് മുതൽ ഒമ്പത് മണിക്കൂറിനുള്ളിൽ ഒരു തവണ സ്വയം ഭ്രമണം പൂർത്തിയാക്കുന്ന ഈ വേഗതയേറിയ ചലനം ശക്തമായ വൈദ്യുത പ്രവാഹങ്ങൾ സൃഷ്ടിക്കുന്നു. ബഹിരാകാശത്തുനിന്നുള്ള ഉയർന്ന ഊർജമുള്ള കണങ്ങൾ ഗ്രഹത്തിന്റെ കാന്തികരേഖകളിലൂടെ അന്തരീക്ഷത്തിലേക്ക് പതിക്കുമ്പോൾ ശക്തമായ റേഡിയോ ഊർജം പുറത്തുവിടുന്നതായാണ് വിശദീകരണം.
ഗ്രഹത്തിന് ഭൂമിയേക്കാൾ ഏകദേശം 2,500 മടങ്ങ് ശക്തമായ കാന്തികക്ഷേത്രമുണ്ടാകാമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ ഈ കണ്ടെത്തൽ സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളുടെ കാന്തികക്ഷേത്രങ്ങളെക്കുറിച്ച് പഠിക്കാൻ പുതിയ അവസരം തുറക്കുന്നതായി ഗവേഷകർ പറയുന്നു. പഠനത്തിന്റെ വിശദാംശങ്ങൾ arXivൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പിയർ-റിവ്യൂഡ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടില്ല.
Summary: Scientists have detected recurring radio bursts directly from the exoplanet Beta Pictoris b, located about 63 light-years from Earth. The signals are believed to be caused by powerful auroras generated by the planet’s magnetic field, rather than an extraterrestrial message.




