100 കോടി ക്ലബ്ബിൽ കോളിവുഡ് ചിത്രം ‘മണ്ടാടി’: അണിയറപ്രവർത്തകരെ നേരിൽകണ്ട് അഭിനന്ദിച്ച് ഉലകനായകൻ കമൽ ഹാസൻ
Current: മലയാളം

സൂരി, തെലുങ്ക് താരം സുഹാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായ തമിഴ് ചിത്രം ‘മണ്ടാടി’ ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംനേടിയതിനു പിന്നാലെ, ചിത്രത്തിന്റെ അണിയറപ്രവർത്തകരെ നേരിൽകണ്ട് അഭിനന്ദനം അറിയിച്ച് ഉലകനായകൻ കമൽ ഹാസൻ.
ചിത്രത്തിന്റെ നിർമാതാക്കളായ ആർ.എസ്. ഇൻഫോടെയ്ൻമെന്റ് കമൽ ഹാസൻ അണിയറപ്രവർത്തകരുമായി സംസാരിക്കുന്ന മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
രാമനാഥപുരത്തെ മൽസ്യത്തൊഴിലാളികളുടെ ജീവിത പശ്ചാത്തലത്തിലും ബോട്ട് മത്സരങ്ങളുടെ ആവേശത്തിലും ഒരുക്കിയ ഈ സ്പോർട്സ്-ആക്ഷൻ ഡ്രാമ ചിത്രത്തിന് കമൽ ഹാസനിൽനിന്നു ലഭിച്ച സ്വീകാര്യതയിൽ വലിയ സന്തോഷമാണ് അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കുവെച്ചത്.
കമൽ ഹാസനെ നേരിൽകണ്ട് അനുഗ്രഹം വാങ്ങിയ സൂരി, ഈ നിമിഷം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു.
തമിഴ് സിനിമാ യാത്രയിൽ വലിയൊരു ഊർജവും വഴികാട്ടിയുമാണ് കമൽ ഹാസന്റെ വാക്കുകയെന്നും സൂരി കൂട്ടിച്ചേർത്തു.
ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച തെലുങ്ക് നടൻ സുഹാസ്, അഭിനയത്തിന്റെ വിജ്ഞാനകോശമായ കമൽ ഹാസനു സമീപം നിൽക്കാൻ കഴിഞ്ഞത് സ്വപ്നസാക്ഷാത്കാരമാണെന്നു പ്രതികരിച്ചു.
സിനിമയെ ആഴത്തിൽ അറിയുന്ന മുതിർന്ന ഒരു ചലച്ചിത്ര വിദ്യാർഥിയായ കമൽ ഹാസനിൽ നിന്നുള്ള പ്രശംസ എന്നും പ്രചോദനമായിരിക്കുമെന്ന് സംവിധായകൻ മതിമാരൻ പുകഴേന്തിയും വ്യക്തമാക്കി.
സെപ്റ്റംബർ 10-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ വൻ വിജയം നേടി മുന്നേറുകയാണ്. ഹാസ്യരസപ്രാധാനമുള്ള കഥാപാത്രങ്ങളിൽ നിന്ന് നായകനിരയിലേക്ക് വളർന്ന സൂരിയുടെ ‘വിടുതലൈ’, ‘ഗരുഡൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള മറ്റൊരു വൻ വിജയമായി മണ്ടാടി മാറിയിരിക്കുകയാണ്.




