പ്രമുഖ മാധ്യമങ്ങളായ സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് ഏർപ്പെടുത്തിയ വൈറ്റ് ഹൗസ് വിലക്ക് അടിയന്തരമായി നീക്കാൻ അമേരിക്കൻ ഫെഡറൽ കോടതിയുടെ ഉത്തരവ്: ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് വ്യക്തമാക്കി യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജ്
Current: മലയാളം

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര മാധ്യമങ്ങളായ സി.എന്‍.എന്‍, എം.എസ് നൗ, പൊളിറ്റിക്കോ എന്നിവയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വൈറ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കാനും അവരുടെ പ്രസ് പാസുകള്‍ ഉടനടി പുനഃസ്ഥാപിക്കാനും യു.എസ് ഫെഡറല്‍ കോടതിയുടെ ഉത്തരവ്.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് തിമോത്തി കെല്ലി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളും അസത്യങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സെപ്റ്റംബര്‍ 18-നാണ് ട്രംപ് ഈ മൂന്ന് സ്ഥാപനങ്ങള്‍ക്ക് വൈറ്റ് ഹൗസിലേക്ക് വിലക്കേര്‍പ്പെടുത്തിയത്.
ഭരണഘടന ഉറപ്പുനല്‍കുന്ന ഒന്നാം ഭേദഗതി പ്രകാരമുള്ള മാധ്യമസ്വാതന്ത്ര്യത്തിന്റെയും നീതിപൂര്‍വ്വമായ നടപടികളുടെയും ലംഘനമാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമസ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചത്.
എന്നാല്‍, വൈറ്റ് ഹൗസിലെ പ്രവേശനം ഭരണഘടനാപരമായ അവകാശമല്ലെന്നും മാധ്യമങ്ങള്‍ പ്രൊഫഷണല്‍ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുകയും രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തതിനാലാണ് നടപടിയെന്നുമായിരുന്നു നീതിന്യായ വകുപ്പിന്റെ വാദം.
ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞ കോടതി, ഭരണകൂടത്തിന്റെ നീക്കം മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തി മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം പുനഃസ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.




