"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ശബരിമലയിൽ 55 പവന്റെ സ്വർണ്ണക്കിരീടം കാണാതായെന്ന വാർത്ത വ്യാജം. കിരീടം സ്ട്രോങ് റൂമിൽ സുരക്ഷിതമെന്ന് കെ. ജയകുമാർ. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഉണ്ടായത് ആശയക്കുഴപ്പം മാത്രം. നടതുറക്കുമ്പോൾ 75 ലക്ഷം ടിൻ അരവണ ഉറപ്പാക്കും. തിരക്ക് നിയന്ത്രിക്കാൻ അഞ്ച് കോടിയുടെ എ.ഐ ക്യാമറകൾ. മുന്നൊരുക്കങ്ങൾ ഒക്ടോബർ 31-നകം പൂർത്തിയാക്കും

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ അയ്യപ്പസ്വാമിക്ക് ചാർത്തുന്ന 55 പവൻ തൂക്കമുള്ള സ്വർണ്ണക്കിരീടം കാണാതായെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. 

തിരുവാഭരണം കമ്മീഷണറുമായി നേരിട്ട് സംസാരിച്ച് വിവരങ്ങൾ ആരാഞ്ഞതായും, കിരീടം സന്നിധാനത്തെ സ്ട്രോങ് റൂമിൽ പൂർണ്ണ സുരക്ഷിതമായി തന്നെയുണ്ടെന്ന് കൃത്യമായി ബോധ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. 


2012-ൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തനായ വൈദ്യനാഥസ്വാമിയാണ് ഈ സ്വർണ്ണക്കിരീടം ഭഗവാന് നടയ്ക്കുവെച്ചത്. എല്ലാ വർഷവും അദ്ദേഹം ദർശനത്തിനെത്തുമ്പോൾ വിഗ്രഹത്തിൽ കിരീടം ചാർത്തി തൊഴുതുമടങ്ങുന്ന പതിവുള്ളതിനാൽ ഇത് ശബരിമലയിലെ സ്ട്രോങ് റൂമിലാണ് സ്ഥിരമായി സൂക്ഷിക്കാറുള്ളത്.


 സന്നിധാനത്തെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ട്രോങ് റൂമിലെ വസ്തുവകകൾ താൽക്കാലികമായി മറ്റൊരു മുറിയിലേക്ക് മാറ്റിയപ്പോൾ, ഇതേ മാതൃകയിലുള്ള വേറൊരു കിരീടം അവിടെ ഉണ്ടായിരുന്നതാണ് ജീവനക്കാർക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായത്. 

തിരുവാഭരണം കമ്മീഷണർ റെജിലാൽ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ സ്വർണ്ണക്കിരീടം ഭദ്രമായി ഇരിപ്പുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

k jayakumar ias

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായുള്ള അരവണ നിർമ്മാണവും ലേല നടപടികളും സുതാര്യമായും കാര്യക്ഷമമായും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങളുടെ സമഗ്രമായ പ്രോഗ്രസ് കാർഡ് ആഴ്ചതോറും മുഖ്യമന്ത്രി വി.ഡി. സതീശനും ദേവസ്വം മന്ത്രിക്കും കൈമാറും.

വരാനിരിക്കുന്ന തുലാമാസ പൂജയ്ക്ക് യാതൊരുവിധ അരവണ ക്ഷാമവും ഉണ്ടാകില്ലെന്നും, മണ്ഡലകാലത്തിനായി നട തുറക്കുമ്പോൾ തന്നെ 75 ലക്ഷം ടിൻ അരവണ ബഫർ സ്റ്റോക്കായി കരുതിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇതിനായി 50 ലക്ഷം കിലോ ശർക്കര മുൻ കരാറുകാരനിൽ നിന്നും 25 ലക്ഷം കിലോ ശർക്കര കേന്ദ്ര സർക്കാരിന്റെ ജെം പോർട്ടൽ വഴിയും സമാഹരിക്കും. പുണെയിൽ നിന്നുള്ള കമ്പനികളുടെ ഗുണനിലവാര പരിശോധന പൂർത്തിയാക്കി ഒക്ടോബർ അഞ്ചിനകം പുതിയ കരാർ ഉറപ്പിക്കും. 

jayakumar vds

അരവണ ടിന്നിന്റെ ലിഡ്, ചുക്ക് തുടങ്ങിയവയ്ക്കുള്ള റീടെൻഡർ നടപടികൾ ഒക്ടോബർ 15-നകം ഒപ്പുവെക്കും. സ്ഥിരമായി ചില വ്യക്തികൾ മാത്രം കുത്തകയാക്കി വെച്ചിരിക്കുന്ന രീതി അവസാനിപ്പിച്ച് കടകളുടെ ഇ-ലേലം ഉടൻ പൂർത്തിയാക്കും. 

സാധനങ്ങൾ പമ്പയിൽ എത്തിച്ചാൽ മതിയെന്ന ഇളവ് വിതരണക്കാരെ സഹായിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനുമാണെന്നും, വഴിപാട് ബുക്കിങ് പൂർണ്ണമായും ഡിജിറ്റലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


തീർത്ഥാടന കാലത്തെ വൻ ഭക്തജനത്തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിന് അഞ്ച് കോടി രൂപ ചെലവഴിച്ച് അത്യാധുനിക എ.ഐ ക്യാമറകൾ സ്ഥാപിക്കാൻ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടുകളിലടക്കം എ.ഐ ക്യാമറകൾ സ്ഥാപിച്ച് പ്രത്യേക കൺട്രോൾ റൂം തുറക്കും. 


ആളുകളുടെയും വാഹനങ്ങളുടെയും വരവും പോക്കും തത്സമയം നിരീക്ഷിച്ച് നിയന്ത്രണങ്ങളോടെ മാത്രമേ പമ്പയിലേക്ക് കടത്തിവിടൂ. ദർശനത്തിനായി കാത്തിരിക്കുന്ന ഭക്തരുടെ സൗകര്യാർത്ഥം നിലയ്ക്കലിൽ ആറായിരം പേർക്ക് ഇരിക്കാവുന്ന വലിയ പന്തൽ ഒരുക്കും. 

വിവിധ വികസന പ്രവൃത്തികൾക്കായി 13.5 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. ഒക്ടോബർ 31-നകം സന്നിധാനത്തെയും പമ്പയിലെയും മുഴുവൻ മുന്നൊരുക്കങ്ങളും പൂർത്തിയാക്കുമെന്നും, നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നാലംഗ ഉന്നതതല മേൽനോട്ട സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കെ. ജയകുമാർ അറിയിച്ചു.

Get more updates from Pudukad News on Google