"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പാലത്തായി പീഡനക്കേസ്: ബി.ജെ.പി നേതാവ് പത്മരാജന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഹൈക്കോടതി തെളിവുകൾ സമഗ്രമായി പരിശോധിച്ചില്ലെന്ന് അപ്പീൽ. സ്റ്റാന്റിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങൾ മുഖേന ഹർജി സമർപ്പിച്ചു

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡൽഹി: കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനും ബി.ജെ.പി പ്രാദേശിക നേതാവുമായ കുനിയിൽ പത്മരാജന്റെ മരണം വരെയുള്ള ജീവപര്യന്തം കഠിനതടവ് ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 

പ്രമാദമായ കേസിൽ വിചാരണക്കോടതി കണ്ടെത്തിയ നിർണ്ണായക വസ്തുതകളും സാഹചര്യത്തെളിവുകളും വിശദമായി പരിശോധിക്കാതെയാണ് ഹൈക്കോടതി ജാമ്യം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അടിയന്തരമായി പരമോന്നത കോടതിയെ സമീപിച്ചത്. 

സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതി സ്റ്റാൻഡിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങളാണ് അപ്പീൽ ഹർജി ഫയൽ ചെയ്തത്. 

നേരത്തെ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിധിച്ച ശിക്ഷ ചോദ്യം ചെയ്തുകൊണ്ട് പത്മരാജൻ സമർപ്പിച്ച പ്രധാന അപ്പീലിനൊപ്പം നൽകിയ ഉപഹർജി അനുവദിച്ചാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശിക്ഷ മരവിപ്പിച്ച് ഉപാധികളോടെ ജാമ്യം നൽകിയത്.

വിചാരണ വേളയിൽ അതിജീവിതയായ പെൺകുട്ടി നൽകിയ മൊഴികളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിച്ചത്. 

ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും ഹാജരാക്കണം, അതിജീവിതയായ പെൺകുട്ടി താമസിക്കുന്ന റവന്യൂ ജില്ലയിൽ ഒരു കാരണവശാലും പ്രവേശിക്കരുത്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലടക്കം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരസ്യ പ്രതികരണം നടത്തരുത് തുടങ്ങിയ കർശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചിരുന്നത്. 

2020 ജനുവരി 15 മുതൽ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവിൽ പത്തൊമ്പതാം മൈൽ യു.പി സ്കൂളിലെ ശുചിമുറിയിലും പരിസരത്തുമായി പത്തുവയസ്സുകാരിയായ പെൺകുട്ടിയെ ബി.ജെ.പി നേതാവായ അധ്യാപകൻ പലതവണ പീഡിപ്പിച്ചെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കേസ്.

വിചാരണക്കോടതി കടുത്ത ശിക്ഷ വിധിച്ച കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചത് വലിയ ജനരോഷത്തിന് വഴിവെച്ചിരുന്നു. ഇതോടെയാണ് സർക്കാർ നേരിട്ട് സുപ്രീം കോടതിയിൽ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.

Get more updates from Pudukad News on Google