ഇ.എസ്.എ; രാഷ്ട്രീയ ലാഭത്തിന് ഭീതി സൃഷ്ടിക്കാൻ ശ്രമം: അഡ്വ. എസ്. അശോകൻ
🌐 Select your Language:
Current: മലയാളം
Current: മലയാളം

തൊടുപുഴ: സംസ്ഥാനത്ത് ഇ.എസ്.എ (പരിസ്ഥിതി ലോല മേഖല) വിഷയത്തിൽ ജനങ്ങളെ ഭയാശങ്കയിലാക്കി അനാവശ്യ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ചില കോണുകളിൽ നിന്ന് ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും
മുൻ ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. എസ്. അശോകൻ. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഡോ. കസ്തൂരിരംഗൻ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2013 ഏപ്രിൽ 15നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആദ്യ ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിക്കുന്നത്.
ഇതിലൂടെ 59,939 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇ.എസ്.എ പരിധിയിലാവുകയും വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴിതുറക്കുകയും ചെയ്തു. തുടർന്ന്, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇ.എസ്.എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് നിയമസഭ പ്രമേയം പാസാക്കുകയും ഉമ്മൻ വി. ഉമ്മൻ സമിതിയെ നിയോഗിച്ച് പഠനം നടത്തുകയും ചെയ്തു.
ഈ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രാലയം 2014 മാർച്ച് 10ന് പുറപ്പെടുവിച്ച ആദ്യ കരട് വിജ്ഞാപനത്തിലൂടെ കേരളത്തിലെ ഇ.എസ്.എ വിസ്തീർണ്ണം 13,108 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 9,993.7 ചതുരശ്ര കിലോമീറ്ററായി പുനർനിർണ്ണയിച്ച് കുറച്ചു. ഇതിലൂടെ ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണ്ണമായും ഇ.എസ്.എയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.
തൊട്ടടുത്തുള്ള മറ്റ് അഞ്ച് സംസ്ഥാനങ്ങളും കസ്തൂരിരംഗൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാകാതിരുന്നപ്പോൾ കേരളം മാത്രമാണ് അതിർത്തി പുനർനിർണ്ണയിച്ച് കേന്ദ്രത്തിന് സമർപ്പിച്ചത്.
പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ ഇ.എസ്.എ വിസ്തീർണ്ണം (ചതുരശ്ര കി.മീറ്ററിൽ) ഇങ്ങനെയാണ്.
ഗുജറാത്ത്: 449, മഹാരാഷ്ട്ര: 17,340, ഗോവ: 1,461, കർണ്ണാടക: 20,668, തമിഴ്നാട്: 6,914, കേരളം: 13,108 (പിന്നീട് 9,993.7 ആയി പുനർനിർണ്ണയിച്ചു). തുടർന്നുവന്ന പിണറായി വിജയൻ സർക്കാരിന്റെ കാലത്തും, പിന്നീട് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്ന ശേഷവും പുറപ്പെടുവിച്ച കരട് വിജ്ഞാപനങ്ങളെല്ലാം 2014ലെ ആദ്യ വിജ്ഞാപനത്തിന്റെ തനിയാവർത്തനം മാത്രമായിരുന്നു.
2026 ജൂലൈ 27ന് പുറത്തുവന്ന ഏഴാമത് കരട് വിജ്ഞാപനത്തിലും കേരളത്തിലെ ഇ.എസ്.എ വിസ്തീർണ്ണം 9,993.7 ചതുരശ്ര കിലോമീറ്ററായി മാറ്റമില്ലാതെ തുടരുകയാണ്. പിണറായി സർക്കാരിന്റെ കാലത്തോ വി.ഡി. സതീശൻ സർക്കാരിന്റെ കാലത്തോ ഒഴിവാക്കപ്പെട്ട ഭൂമിയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നിരിക്കെ, വിഷയത്തിൽ പുതിയ സമരങ്ങൾ ഉയർത്തുന്നത് വസ്തുതകൾ മറച്ചുവെച്ചാണെന്ന് അഡ്വ. എസ്. അശോകൻ ചൂണ്ടിക്കാട്ടി.
വനമേഖല മാത്രമായി ഇ.എസ്.എ പുനർനിർണ്ണയിക്കണമെന്ന നിലപാടാണ് നിലവിലെ സർക്കാരിനുള്ളത്. കേരളത്തിലെ ഭൂപരിമിതിയും ഉയർന്ന ജനസാന്ദ്രതയും കണക്കിലെടുത്ത് ജനങ്ങളുടെ സഹകരണത്തോടെയുള്ള പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടതെന്നും അനാവശ്യ ഭീതി പടർത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Get more updates from Pudukad News on Google




