ആർ എസ് എസ്സിന് വേണ്ടി ജനാധിപത്യത്തെ കശാപ്പ് ചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണം – റസാഖ് പാലേരി
Current: മലയാളം

തിരുവനന്തപുരം: ആർ എസ് എസ്സിന് വേണ്ടി ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം രാജി വെച്ച് നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്ത് ഗുമസ്തപ്പണിക്ക് പോകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി.
തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഗ്യാനേഷ് കുമാർ എടുത്ത തീരുമാനങ്ങൾക്കും ഉത്തരവുകൾക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഇതര കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ 10 മാസത്തിനിടെ 14 തവണയാണ് ഇവർ ഗ്യാനേഷ് കുമാറിന്റെ നീക്കങ്ങൾക്കെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.
2025 ജൂണിൽ ആരംഭിച്ച എസ്.ഐ.ആർ വഴി വിവിധ സംസ്ഥാനങ്ങളിലെ 13 കോടിയിലധികം പേരുകളാണ് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്.
ആർ എസ് എസ് താല്പര്യം സംരക്ഷിക്കാൻ പൗരന്മാരുടെ വോട്ടവകാശം റദ്ദാക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
ഭരണഘടനയും നിയമവും അനുസരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് രണ്ട് കമ്മീഷണർമാരും തുല്യപദവിയുള്ളവരാണ്. കമ്മീഷന്റെ തീരുമാനങ്ങൾ പരമാവധി ഏകകണ്ഠമായിരിക്കണമെന്നും അഭിപ്രായവ്യത്യാസമുണ്ടായാൽ ഭൂരിപക്ഷാഭിപ്രായം നടപ്പാക്കണമെന്നുമാണ് നിയമം അനുശാസിക്കുന്നത്.
എന്നാൽ രണ്ട് കമ്മീഷണർമാരുടെ രേഖാമൂലമുള്ള നിർദേശങ്ങൾ മറികടന്ന് അനധികൃതവും നിയമവിരുദ്ധവുമായാണ് ഗ്യാനേഷ് കുമാർ പ്രവർത്തിച്ചതെന്ന് കമ്മീഷൻ അംഗങ്ങൾ തന്നെ പറയുന്നു.
എസ് ഐ ആർ യഥാർത്ഥത്തിൽ ആർ എസ് എസ്സിന്റെ ഹിന്ദു രാഷ്ട്ര നിർമാണ പദ്ധതിയാണ്. എസ് ഐ ആറിലൂടെ ആർ എസ് എസ്സിന്റെ കാലാൾപ്പടയായി ഗ്യാനേഷ് കുമാർ മാറുകയും തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹതയില്ല. ഗ്യാനേഷ് കുമാർ ഉടൻ രാജി വെക്കുകയും ജനാധിപത്യ അട്ടിമറി നടത്തിയതിന് അന്വേഷണം നേരിടുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.




