ഛത്തീസ്ഗഢിൽ പേമാരിയും വെള്ളപ്പൊക്കവും: ഖരുൺ നദി കരകവിഞ്ഞൊഴുകി റായ്പൂരും ദുർഗ്ഗും വെള്ളത്തിനടിയിൽ; പ്രമുഖ പാതകൾ മുങ്ങി റായ്പൂർ-ഭിലായ് ഗതാഗതം പാടേ തടസ്സപ്പെട്ടു; ഗ്രാമങ്ങളിൽ വീടുകളിൽ വെള്ളം കയറി ജനജീവിതം ദുരിതത്തിൽ; വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Current: മലയാളം

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് വ്യാപക വെള്ളപ്പൊക്കം. സംസ്ഥാനത്തെ പ്രമുഖ നദിയായ ഖരുണ്‍ കരകവിഞ്ഞൊഴുകിയതോടെ തലസ്ഥാനമായ റായ്പൂരിലെയും ദുര്‍ഗ് ജില്ലയിലെയും നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.
മഹാദേവ് ഘാട്ട് വഴി റായ്പൂരിനെ പത്താന്, ദുര്‍ഗ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാത പൂര്‍ണ്ണമായും വെള്ളത്തിനടിയിലായതോടെ ഗതാഗതം പാടേ തടസ്സപ്പെട്ടു. റോഡുകളില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ റായ്പൂര്‍-ഭിലായ് പാതയിലൂടെയുള്ള വാഹനസഞ്ചാരവും ദുഷ്കരമായിട്ടുണ്ട്.
ദുര്‍ഗ് ജില്ലയിലെ അംലേഖ്വര്, ഖുദ്മുദ ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത്. റോഡുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം വെള്ളത്തിലാവുകയും നിരവധിവീടുകളില്‍ വെള്ളം കയറുകയും ചെയ്തത് ജനജീവിതം പൂര്‍ണ്ണമായും ദുരിതത്തിലാക്കി.
വരുന്ന രണ്ടുദിവസം കൂടി മേഖലയില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ പ്രാദേശിക ഭരണകൂടം നിര്‍ദ്ദേശം നല്കി.




