മദ്യനിരോധനമുള്ള നാഗാലാൻഡിൽ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി, വിതരണക്കാരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം | Nagaland Illicit Liquor Deaths

Current: മലയാളം

കൊഹിമ: മദ്യനിരോധനം നിലനിൽക്കുന്ന നാഗാലാൻഡിൽ വിഷമദ്യം കഴിച്ച് 19 പേർ മരിച്ചു. മൊകോക്ചുങ്, തുയെൻസാങ് ജില്ലകളിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തത്. മൊകോക്ചുങ് ജില്ലയിൽ എട്ടു പേരും തുയെൻസാങ് ജില്ലയിൽ 11 പേരുമാണ് വ്യാജമദ്യം കഴിച്ച് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.(Nagaland Illicit Liquor Deaths, spurious liquor kills 19 in nagaland)
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനും വ്യാജമദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താനുമായി അഡീഷണൽ സൂപ്പർവൈസറി ഓഫീസർ ഐ. ബങ്ലാങ് ചാങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചതായി സീനിയർ സൂപ്പർവൈസറി ഓഫീസർ വെസുപ്രാ കേസോ അറിയിച്ചു. മരണകാരണം കൃത്യമായി സ്ഥിരീകരിക്കുന്നതിനായി ശേഖരിച്ച മദ്യത്തിന്റെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ഗുവാഹത്തിയിലേക്ക് അയച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദുരന്തത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പരിശോധനകളിൽ 19 പേരെ അറസ്റ്റ് ചെയ്യുകയും മൂവായിരത്തോളം കുപ്പി വ്യാജമദ്യം പിടിച്ചെടുക്കുകയും ചെയ്തു. 1990 മുതൽ പൂർണ്ണ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് നാഗാലാൻഡ്. വ്യാജമോ ലേബലില്ലാത്തതോ ആയ മദ്യങ്ങൾ കഴിക്കരുതെന്ന് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മദ്യം കഴിച്ചതിനെ തുടർന്ന് തലകറക്കം, കാഴ്ച മങ്ങൽ, ശ്വാസതടസ്സം, ബോധക്ഷയം എന്നിവ അനുഭവപ്പെടുന്നവർ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Story Summary
At least 19 people died in Nagaland’s Mokokchung and Tuensang districts after consuming suspected spurious liquor in the dry state. Police registered a case, formed a Special Investigation Team (SIT), and arrested 19 individuals while seizing around 3,000 bottles of illicit liquor.




