സ്മാർട്ട്ഫോൺ വിപണിയിലേക്ക് മിവി; 6000mAh ബാറ്ററിയുമായി ‘മിവി വൺ 5ജി’ | Mivi One 5G

Current: മലയാളം

കൊച്ചി: ഓഡിയോ ഉൽപ്പന്നങ്ങൾക്ക് പിന്നാലെ സ്മാർട്ട്ഫോൺ വിപണിയിലേക്കും ചുവടുവച്ച് കൺസ്യൂമർ ടെക്നോളജി ബ്രാൻഡായ മിവി. ‘മിവി വൺ 5ജി’ എന്ന പേരിൽ പുതിയ സ്മാർട്ട്ഫോൺ കമ്പനി പുറത്തിറക്കി (Mivi One 5G). ഫ്ലിപ്കാർട്ട് വഴിയാണ് ഫോൺ വിൽപ്പനയ്‌ക്കെത്തുക. ഒക്ടോബർ 8ന് ആദ്യ വിൽപ്പന ആരംഭിക്കും.
4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപയും 6 ജിബി + 128 ജിബി പതിപ്പിന് 15,999 രൂപയും 8 ജിബി + 128 ജിബി പതിപ്പിന് 16,999 രൂപയുമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയുടെ ഭാഗമായി ബാങ്ക് ഓഫറുകൾ ഉൾപ്പെടെ യഥാക്രമം 11,999 രൂപ, 13,499 രൂപ, 14,999 രൂപ നിരക്കിൽ ഫോൺ സ്വന്തമാക്കാനാകുമെന്നും കമ്പനി അറിയിച്ചു.
ബ്ലൂ, പിങ്ക്, ഗ്രീൻ, ബർഗണ്ടി, നേവി ബ്ലൂ എന്നീ അഞ്ച് നിറങ്ങളിലാണ് മിവി വൺ 5ജി എത്തുന്നത്. ജിയോ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റ്
4 എൻ.എം. സാങ്കേതികവിദ്യയിൽ നിർമിച്ച സ്നാപ്ഡ്രാഗൺ 4 ജെൻ 2 മൊബൈൽ പ്ലാറ്റ്‌ഫോമാണ് ഫോണിന് കരുത്തേകുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.745 ഇഞ്ച് HD+ ഇൻ-സെൽ ഡിസ്‌പ്ലേയാണ് മറ്റൊരു പ്രധാന സവിശേഷത.
50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സംവിധാനവും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണ് ഫോണിലുള്ളത്. 6000mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിങ് പിന്തുണയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ശബ്ദകോലാഹലങ്ങൾക്കിടയിലും വ്യക്തമായ ഫോൺ കോളുകൾ ഉറപ്പാക്കാൻ ‘മിവി ക്ലിയർടോക്ക്’ സാങ്കേതികവിദ്യയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആൻഡ്രോയിഡ് 16; രണ്ട് തലമുറ അപ്‌ഡേറ്റുകൾ
അനാവശ്യ ബ്ലോട്ട്വെയറുകളില്ലാത്ത പ്യുവർ ആൻഡ്രോയിഡ് 16ലാണ് മിവി വൺ 5ജി പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 18 വരെയുള്ള അപ്‌ഡേറ്റുകൾ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.
ഒരു വർഷത്തെ വാറണ്ടിയോടെയാണ് ഫോൺ വിപണിയിലെത്തുന്നത്. ഇന്ത്യയിലുടനീളമുള്ള 500ലധികം സർവീസ് സെന്ററുകളുടെ പിന്തുണയ്ക്കൊപ്പം സൗജന്യ പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ് സേവനവും ലഭ്യമാകും.
ഇന്ത്യയിൽ തന്നെ നിർമിക്കുന്ന മിവി വൺ 5ജിയിലൂടെ ഓഡിയോ ഉൽപ്പന്നങ്ങൾക്ക് അപ്പുറത്തേക്ക് തങ്ങളുടെ ടെക്നോളജി പോർട്ട്‌ഫോളിയോ വിപുലീകരിക്കാനാണ് മിവിയുടെ നീക്കം. ഭാവിയിൽ കൂടുതൽ വിഭാഗങ്ങളിലേക്ക് ഉൽപ്പന്ന നിര വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
Story Summary:
Consumer technology brand Mivi has entered India’s smartphone market with the Mivi One 5G. The phone features a Snapdragon 4 Gen 2 processor, 120Hz display, 6000mAh battery and Android 16, with sales starting on Flipkart from October 8.




