സമൃദ്ധി എക്സ്പ്രസ്‌വേയിൽ കാർ കണ്ടെയ്‌നർ ട്രക്കിലിടിച്ചു; മൂന്ന് വയസുകാരനും മാതാപിതാക്കൾക്കും ദാരുണാന്ത്യം | Samruddhi Expressway accident

Current: മലയാളം

ഛത്രപതി സംഭജിനഗർ: മഹാരാഷ്ട്രയിലെ സമൃദ്ധി എക്സ്പ്രസ്‌വേയിൽ കാറും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരനും മാതാപിതാക്കൾക്കും ദാരുണാന്ത്യം (Samruddhi Expressway accident). നാസിക് സ്വദേശികളായ പ്രതീക് രാംകിസൻ ജഗ്ദാലെ, ഭാര്യ ശ്രേയ രാജേന്ദ്ര പാണ്ഡെ, ഇവരുടെ മൂന്ന് വയസുള്ള മകൻ എന്നിവരാണ് മരിച്ചത്.
നാസിക്കിൽ നിന്ന് ജാൽനയിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സമൃദ്ധി എക്സ്പ്രസ്‌വേയിലെ വേരുൾ-ഛത്രപതി സംഭജിനഗർ പാതയിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ട്രക്കിന്റെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു.
കാർ ഓടിച്ചിരുന്ന പ്രതീക് രാംകിസൻ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാർ ട്രക്കിനടിയിലേക്ക് ഇടിച്ചുകയറി. വാഹനത്തിന്റെ ബോണറ്റും മുൻഭാഗവും വിൻഡ്ഷീൽഡും തകർന്നു.
വിവരമറിഞ്ഞ് ഉടൻ ക്വിക്ക് റെസ്‌പോൺസ് ടീം സ്ഥലത്തെത്തി. തുടർന്ന് കാറിനുള്ളിൽ കുടുങ്ങിയിരുന്നവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. സംഭവത്തിൽ ദൗലത്താബാദ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Story Summary: A three-year-old boy and his parents died after their car crashed into the rear of a container truck on Maharashtra’s Samruddhi Expressway. Police suspect the driver may have fallen asleep while driving.




