യു.എസ് അംബാസഡർ സെർജിയോ ഗോറിന്റെ സുവർണ്ണക്ഷേത്ര സന്ദർശനത്തിനിടെ പുറത്ത് ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് പ്രതിഷേധം: അമേരിക്കൻ സെനറ്റർമാരും നയതന്ത്രജ്ഞരും അടങ്ങുന്ന 28 അംഗ ഉന്നതതല സംഘത്തിന് സിഖ് ആചാരപ്രകാരം സ്വീകരണം നൽകി എസ്.ജി.പി.സി ഭാരവാഹികൾ

Current: മലയാളം

അമൃതസര്‍: ഇന്ത്യയിലെ യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ നേതൃത്വത്തിലുള്ള 28 അംഗ ഉന്നതതല അമേരിക്കന്‍ സംഘം അമൃതസറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ (ഹര്‍മന്ദിര്‍ സാഹിബ്) സന്ദര്‍ശനം നടത്തി.
പ്രമുഖ യു.എസ് സനറ്റര്‍മാര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദേശനയ വിദഗ്ദ്ധര്‍ എന്നിവരടങ്ങുന്ന സംഘമാണ് വിശുദ്ധ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയത്. വടക്കേ അമേരിക്കയുമായി ശക്തമായ സാംസ്‌കാരിക-പ്രവാസി ബന്ധമുള്ള പഞ്ചാബുമായി ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് വാഷിംഗ്ടണ്‍ ഈ സന്ദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
സുവര്‍ണ്ണക്ഷേത്ര സമുച്ചയത്തിലെത്തിയ അംബാസഡറെയും സംഘത്തെയും ഷിരോമണി ഗുര്‍ദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിംഗ് ധാമി, അകാല്‍ തഖ്ത് ആക്ടിംഗ് ജാഥേദാര്‍ ജ്ഞാനി കുല്‍ദീപ് സിംഗ് ഗാര്‍ഗജ് എന്നിവരുടെ നേതൃത്വത്തില്‍ സിഖ് പാരമ്പര്യാനുസരണം സ്വീകരിച്ചു.
ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം അടുത്തുള്ള ചരിത്രപ്രസിദ്ധമായ ജാലിയന്‍വാലാബാഗ്, പാര്‍ട്ടീഷന്‍ മ്യൂസിയം എന്നിവയും സംഘം സന്ദര്‍ശിക്കും.
അതേസമയം, അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുടെ സന്ദര്‍ശനത്തിനിടെ സുവര്‍ണ്ണക്ഷേത്രത്തിന് പുറത്ത് ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
ഷിരോമണി അകാലിദള്‍ (അമൃതസര്‍) ആക്ടിംഗ് പ്രസിഡന്റ് ഈമാന്‍ സിംഗ് മാന്റെ നേതൃത്വത്തില്‍ എത്തിയ പ്രവര്‍ത്തകര്‍ ‘ഖാലിസ്ഥാന്‍ സിന്ദാബാദ്’, ‘ഗോഡ് ബ്ലെസ് അമേരിക്ക’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രതിഷേധക്കാരെ മാറ്റി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ഉന്നത നയതന്ത്ര പ്രതിനിധികളുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തിലും സുവര്‍ണ്ണക്ഷേത്ര പരിസരത്തും കടുത്ത സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.




