"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിനു റബര്‍ ബോര്‍ഡ്. കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം കോട്ടയത്ത് സംഘടിപ്പിക്കും. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള റബര്‍ ടാപ്പര്‍മാരുടെയും ടാപ്പിങ് തൊഴിലാളി പ്രതിനിധികളുടെയും പങ്കാളിത്തം പരിപാടിയില്‍ ഉറപ്പാക്കും. ടാപ്പിങ് മേഖലയിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിനും അവയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ഇടപെടലുകള്‍ ആസൂത്രണം ചെയ്യുന്നതിനും പരിപാടി ഉപകരിക്കും

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: സംസ്ഥാനത്തെ റബര്‍ ടാപ്പര്‍മാരുടെ (കെആര്‍ടിഎ) മുഖാമുഖം റബര്‍ ബോര്‍ഡ് സംഘടിപ്പിക്കുന്നു. റബര്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട തൊഴിലാളി വിഭാഗമായ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും അവരുടെ നിര്‍ദേശങ്ങള്‍ റബര്‍ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളിലും പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. 

റബര്‍ ബോര്‍ഡിന്റെ ചരിത്രത്തില്‍ കേരളത്തിലെ ടാപ്പര്‍മാരെ വ്യാപകമായി പങ്കെടുപ്പിച്ച് അവരുടെ പ്രശ്നങ്ങള്‍ നേരിട്ടു കേള്‍ക്കുന്നതിനായി സംഘടിപ്പിക്കുന്ന ആദ്യത്തെ ഇത്തരത്തിലുള്ള മുഖാമുഖം പരിപാടിയാണിത്.


റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ഹരിയുടെ നിര്‍ദേശപ്രകാരം നാളെ രാവിലെ 11ന് കോട്ടയം റബര്‍ ബോര്‍ഡ് ആസ്ഥാനത്തെ ഏഴാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളിലാണ് മുഖാമുഖം നടക്കുന്നത്.


കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള റബര്‍ ടാപ്പര്‍മാരുടെയും ടാപ്പിങ് തൊഴിലാളി പ്രതിനിധികളുടെയും പങ്കാളിത്തം പരിപാടിയില്‍ ഉറപ്പാക്കും. 

ടാപ്പിങ് മേഖലയിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിനും അവയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ഇടപെടലുകള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള നിര്‍ണായക വേദിയായിരിക്കും ഈ മുഖാമുഖം.


റബര്‍ ഉല്‍പാദനത്തിന്റെ അടിസ്ഥാന വിഭാഗമായ ടാപ്പര്‍മാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. 


ടാപ്പിങ് തൊഴിലിലെ തൊഴില്‍പരമായ ബുദ്ധിമുട്ടുകള്‍, സുരക്ഷ, പരിശീലനം, തൊഴിലാളികളുടെ ക്ഷേമം, വരുമാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, തൊഴില്‍ ലഭ്യത, പുതു തലമുറയെ ടാപ്പിങ് മേഖലയിലേക്ക് ആകര്‍ഷിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളില്‍ ടാപ്പര്‍മാരില്‍ നിന്ന് നേരിട്ട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും.

Get more updates from Pudukad News on Google