"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കണ്ണൂർ വിമാനത്താവളത്തെ വൻകിട ഏവിയേഷൻ ഹബ്ബാക്കും. പൈലറ്റ് പരിശീലന കേന്ദ്രവും എയർക്രാഫ്റ്റ് മെയിന്റനൻസ് സൗകര്യങ്ങളും വരുന്നു. ഒരു വർഷത്തിനകം സമഗ്ര വികസന പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പോയിന്റ് ഓഫ് കോൾ പദവിക്ക് കേന്ദ്രത്തിൽ ശക്തമായ ഇടപെടൽ. രണ്ടാം റൺവേ ഭൂമിയിലെ പ്രദേശവാസികളുടെ ആശങ്കകൾക്ക് രണ്ടുമാസത്തിനകം പരിഹാരം

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്രമായ വളർച്ചയും മുന്നേറ്റവും ലക്ഷ്യമിട്ട് വൻ വികസന പദ്ധതികൾ ഒരു വർഷത്തിനകം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. 

സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന് (ജിഡിപി) കരുത്തേകുന്ന തരത്തിൽ കണ്ണൂർ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങളെ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കി വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

വിമാനത്താവളത്തിൽ പുതുതായി സജ്ജമാക്കിയ അന്താരാഷ്ട്ര എയർ കാർഗോ കോംപ്ലക്സും നാല് മെഗാവാട്ട് സൗരോർജ്ജ പദ്ധതിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കണ്ണൂർ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോൾ’ പദവി ലഭിക്കാത്തതാണ് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നതിന് തടസ്സമായി നിൽക്കുന്നതെന്നും ഇതിന് അടിയന്തര പരിഹാരം കാണാനുള്ള ശക്തമായ ഇടപെടലുകൾ കേന്ദ്ര സർക്കാരുമായി ചേർന്ന് നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ രണ്ടായിരത്തോളം പുതിയ വിമാനങ്ങളാണ് രാജ്യത്ത് ഓർഡർ ചെയ്തിരിക്കുന്നത്. ഈ വിമാനങ്ങൾ സർവീസുകൾ ആരംഭിക്കുന്നതോടെ പൈലറ്റുമാരുടെ വലിയ കുറവ് രാജ്യത്തെ വ്യോമയാന മേഖലയിലുണ്ടാകും.

 ഈ വലിയ സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് കണ്ണൂരിൽ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള പൈലറ്റ് പരിശീലന കേന്ദ്രം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ഇതോടൊപ്പം ഹെലികോപ്റ്റർ പൈലറ്റ് ട്രെയിനിംഗ് സെന്റർ, എയർക്രാഫ്റ്റ് മെയിന്റനൻസ് (എംആർഒ) സംവിധാനം, സിമുലേറ്റർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി വ്യോമയാന അനുബന്ധ മേഖലകളിലെ വിവിധ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് കണ്ണൂരിനെ സമഗ്ര ഏവിയേഷൻ ഹബ്ബാക്കി മാറ്റാനാണ് ആലോചിക്കുന്നത്.

സംസ്ഥാനത്തെ വിമാനത്താവള വികസന മാതൃകകൾ പ്രയോജനപ്പെടുത്തുന്നതിനായി കൊച്ചി എയർപോർട്ടിൽ കൺസൾട്ടൻസി സർവീസ് ആരംഭിച്ചിട്ടുണ്ടെന്നും മുപ്പത് വർഷത്തെ പ്രവർത്തന പരിചയമുള്ള സിയാലിന് കുറഞ്ഞ ചെലവിൽ വിമാനത്താവളങ്ങൾ നിർമ്മിക്കാനുള്ള വൈദഗ്ധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇതിന്റെ ഭാഗമായി ദുർഗാപൂർ എയർപോർട്ടിലെ ഒരു പ്രധാന പദ്ധതി സിയാൽ കൺസൾട്ടൻസിക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സോളാർ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി സംഭരിച്ചുവെക്കാനുള്ള ബാറ്ററി സംവിധാനമില്ലാത്തത് പരിഹരിക്കാൻ 

സർക്കാർ സ്ഥാപനങ്ങൾക്കും വീടുകൾക്കുമായി പൊതുവായ സ്റ്റോറേജ് ബാറ്ററി ഫെസിലിറ്റി ഒരുക്കാൻ പദ്ധതി തയ്യാറാക്കുകയാണെന്നും കൊച്ചി വിമാനത്താവളത്തിലെ സ്ഥലപരിമിതി കാരണം അവിടുത്തെ സോളാർ ശേഷിയുടെ ഒരു ഭാഗം കണ്ണൂരിലേക്ക് മാറ്റുന്നത് പരിഗണനയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കണ്ണൂർ നഗരത്തെ വിമാനത്താവളവുമായി അതിവേഗം ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന റോഡുകളുടെ നിർമ്മാണം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. 

വിമാനത്താവളത്തിന്റെ രണ്ടാം റൺവേ വികസനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ച 240 ഏക്കർ ഭൂമി നിലവിലെ പദ്ധതിക്ക് അനുയോജ്യമാണോ എന്ന കാര്യം വിശദമായി പരിശോധിക്കും. ഇത് സംബന്ധിച്ച് ആശങ്കയിലായ പ്രദേശവാസികളുടെ പ്രശ്നങ്ങൾക്ക് രണ്ട് മാസത്തിനുള്ളിൽ ശാശ്വതമായ പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു. 

ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. എംപിമാരായ കെ. സുധാകരൻ, അഡ്വ. പി. സന്തോഷ് കുമാർ, കണ്ണൂർ കോർപ്പറേഷൻ മേയർ പി. ഇന്ദിര, എംഎൽഎമാരായ ടി.ഒ. മോഹനൻ, വി.കെ. സനോജ്, പി.കെ. പ്രവീൺ, 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ കലക്ടർ പി. വിഷ്ണുരാജ്, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, കിയാൽ എംഡി സി. ദിനേശ് കുമാർ തുടങ്ങിയവരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Get more updates from Pudukad News on Google