"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സ്ക്രീനുകൾക്കിടയിലെ ജീവന്റെ തുടർച്ചകൾ

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

കാളിങ് ബെല്ലിന്റെ ശബ്ദം അയാളെ നിമിഷങ്ങളിലെ ഭ്രമകാഴ്ചകളിൽനിന്ന് തിരികെക്കൊണ്ടുവന്നു. ഓണപ്പൂക്കളത്തിനായി പൂക്കൾ ശേഖരിക്കാൻ കൂട്ടുകാരോടൊപ്പം കുറ്റിക്കാടുകൾ പടർന്ന പറമ്പുകളിലൂടെ നടക്കുന്ന, കല്ലുവെട്ടുകുഴികളിൽ കളിച്ചുനടക്കുന്ന കൗമാരക്കാരനല്ല ഇന്ന് താൻ. 

എഴുപത് പിന്നിട്ട ഒരു വൃദ്ധനാണ്. താനിരിക്കുന്നത് മകന്റെ ഫ്ലാറ്റിലാണ്. ഏറെനേരവും ഒറ്റപ്പെട്ട്. ചുറ്റും സമാനമായ കെട്ടിടസമുച്ചയങ്ങൾ.

അന്ന് രാത്രി അത്താഴത്തിനിടെ അയാൾ മകനോടു പറഞ്ഞു: “കുറച്ച് ഇൻഡോർ ചെടികൾ വാങ്ങി ബാൽക്കണിയിലും മുറികളിലും വെക്കണം.”

ഒരു സാധാരണ നിർദേശത്തേക്കാൾ കൂടുതലായിരുന്നു അത്. പുതിയ ജീവിതത്തിനുള്ളിൽ പഴയൊരു പച്ചപ്പിന് ഇടം കണ്ടെത്താനുള്ള നിശ്ചയം ആ വാക്കുകളിലുണ്ടായിരുന്നു.

നഗരജീവിതത്തിൽ ഇൻഡോർ സസ്യങ്ങൾ ഇന്ന് സജീവ സാന്നിധ്യമാണ്. കോൺക്രീറ്റും സ്ക്രീനുകളും നിറഞ്ഞ ഇടങ്ങളിൽ ഒരു ചെറിയ പച്ചച്ചെടി എങ്ങനെ പ്രിയസാന്നിധ്യമായി മാറുന്നു ?

അത് അലങ്കാരത്തിന്റെ മാത്രം കഥയല്ല. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സൗന്ദര്യബോധംകൊണ്ടുമാത്രം വിശദീകരിക്കാനാവില്ല. അതിന്റെ അടിത്തറ അനുഭവത്തിലാണ്.

മായാത്ത ജൈവമുദ്രകൾ

സാങ്കേതികവിദ്യ ജീവിതത്തെ കൂടുതൽ സൗകര്യപ്രദവും നിയന്ത്രിതവുമാക്കുന്നു. എന്നാൽ ആ നിയന്ത്രിത പൂർണതയുമായി മനുഷ്യന് മുഴുവനായും ഇഴുകിച്ചേരാനാവുന്നില്ല. 

നഗരങ്ങൾ കൂടുതൽ കോൺക്രീറ്റാവുകയും ജീവിതം ഡിജിറ്റലാവുകയും ചെയ്യുമ്പോൾ, അകത്തളങ്ങളിലെ ചെറുസസ്യങ്ങൾ ഓർമകളുടെ പുനരാവർത്തനം മാത്രമല്ല; ജീവിതത്തിന്റെ ഒരു തുടർച്ച കൂടിയാണ്.

മണ്ണ്, മഴ, ഇലകൾ, ഈർപ്പം, കാലാവസ്ഥയുടെ സൂക്ഷ്മചലനങ്ങൾ – മനുഷ്യന്റെ അനുഭവലോകത്തെ രൂപപ്പെടുത്തിയ പ്രകൃതിസാന്നിധ്യങ്ങളാണ്. 

നഗരജീവിതം അവയെ പൂർണമായി ഇല്ലാതാക്കുന്നില്ല; ചുരുങ്ങിയതും നിയന്ത്രിതവുമായ രൂപങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അങ്ങനെ ഇൻഡോർ സസ്യങ്ങളുടെ സാന്നിധ്യം പ്രകൃതിയോടുള്ള പ്രിയത്തിന്റെ പുതിയൊരു രൂപം കൂടിയാണ്.

ഒരു മുറിക്കുള്ളിൽ ജീവൻ ഇപ്പോഴും വളരുന്നു എന്ന അനുഭവം അവ സൃഷ്ടിക്കുന്നു. ചെറുസാന്നിധ്യങ്ങളുടെ പ്രസക്തി അപ്പോൾ ചെറുതല്ല.

അതിഥിയല്ല പ്രകൃതി

ചുവരുകൾക്കുള്ളിൽ ജീവിതം ഒതുങ്ങിയ കോവിഡ് കാലത്ത് വീട്ടകത്തെ ചെടികൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു. മനുഷ്യനും മറ്റു ജീവരൂപങ്ങളും തമ്മിലുള്ള ബന്ധത്തെ പൂർണമായി മുറിച്ചുമാറ്റാനാവില്ലെന്ന തിരിച്ചറിവ് ആ കാലം കൂടുതൽ ആഴത്തിൽ അനുഭവിപ്പിച്ചു.

ചില സസ്യങ്ങൾക്ക് മനുഷ്യർ വ്യക്തിപരവും സാംസ്കാരികവുമായ അർഥങ്ങൾ നൽകാറുണ്ട്. ചിലർക്ക് സർപ്പച്ചെടിയുടെ (Snake Plant) ലളിതമായ ഘടനയിലും മണിപ്ലാന്റിന്റെ പടർന്നുപിടിക്കുന്ന വളർച്ചയിലും മുന്നോട്ടുള്ള വഴിയുടെ പ്രതീകം കാണാം; കറ്റാർവാഴയിൽ വരൾച്ചയിലും നിലനിൽക്കുന്ന ജീവന്റെ നനവും, ഇടതൂർന്ന പച്ചപ്പിനിടയിൽ പീസ് ലില്ലി വിടർത്തുന്ന വെണ്മയിൽ ശാന്തതയുടെ ആഴവും കണ്ടെടുക്കാം.

അപ്പോൾ സസ്യങ്ങളുടെ ഭാഷ മനുഷ്യർക്ക് മനസ്സിലായേക്കും; സാഹചര്യത്തിനനുസരിച്ച് അതിന്റെ അർഥവും മാറിയേക്കാം. അങ്ങനെ വീട്ടകത്തെ സസ്യങ്ങൾ ജൈവസാന്നിധ്യങ്ങൾക്കപ്പുറം അനുഭവങ്ങൾ തീർക്കുന്നു.

ശാസ്ത്രത്തിനപ്പുറം അനുഭവം നഗരജീവിതത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് പ്രകൃതിയുമായുള്ള ബന്ധത്തിന്റെ ചിതറൽ. 

ഭക്ഷണം, കാലാവസ്ഥ, മണ്ണ്, മഴ എന്നിവ പലപ്പോഴും നേരിട്ടുള്ള അനുഭവങ്ങളിൽനിന്ന് മാറി സംവിധാനങ്ങളുടെ ഭാഗങ്ങളായി മാറിയിരിക്കുന്നു. ഈ അകലത്തിനിടയിൽ പ്രകൃതിയുമായി ഒരു ചെറിയ അടുപ്പം നിലനിർത്താനും ഇൻഡോർ സസ്യങ്ങൾ സഹായിക്കുന്നു.

ചില സസ്യങ്ങൾക്ക് വായുവിലെ ചില രാസസംയുക്തങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ടെന്ന് ആദ്യകാല പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ സാധാരണ വീടുകളിലും നഗരമുറികളിലും ഈ സ്വാധീനം പ്രായോഗികമായി പരിമിതമായിരിക്കാമെന്ന് പിന്നീട് നടത്തിയ വിശകലനങ്ങൾ ചൂണ്ടിക്കാട്ടി.

അതുകൊണ്ട് ഇൻഡോർ സസ്യങ്ങളുടെ വായു ശുദ്ധീകരണശേഷിക്ക് അമിത പ്രാധാന്യം നൽകേണ്ടതില്ല. എന്നാൽ അവയുടെ പ്രസക്തി കുറയുന്നില്ല; കാരണം, ഇവിടെ സ്വാധീനം രാസപരമല്ല; അനുഭവപരമാണ്.

നഗരാന്തരീക്ഷം ഇന്ന് കൂടുതലും അജൈവ ഉപരിതലങ്ങൾ നിറഞ്ഞതാണ്. സ്ക്രീനുകൾ, യന്ത്രങ്ങൾ, കോൺക്രീറ്റ് ഘടനകൾ എന്നിവയ്ക്കിടയിൽ സമയം തന്നെ കൃത്രിമമായി അനുഭവപ്പെടാം.

ഈ പശ്ചാത്തലത്തിൽ ഒരു ചെറിയ പച്ചച്ചെടി പോലും സ്ഥലാനുഭവത്തെ മാറ്റുന്നു, സമയാനുഭവത്തെ തിരിച്ചെടുക്കുന്നു: ഒരു ഇടവും പൂർണമായും അജൈവമല്ല; ഇടവേളകളിലും മനുഷ്യൻ തനിച്ചല്ല.

ചട്ടികളിലെ വനങ്ങൾ

കുറഞ്ഞ പ്രകാശത്തിലും ചെറിയ ഇടങ്ങളിലും നിയന്ത്രിത സാഹചര്യങ്ങളിലും നിലനിൽക്കാൻ കഴിയുന്ന സസ്യങ്ങളാണ് നഗരജീവിതത്തിൽ പ്രിയങ്കരമാകുന്നത്.

ജീവന് അനുവദിക്കപ്പെടുന്ന ഇടം എത്ര ചുരുങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണത്. എന്നാൽ ജീവന് ഇപ്പോഴും ഇടങ്ങൾ അനുവദിക്കപ്പെടുന്നു എന്നതും അത്രതന്നെ പ്രധാനമാണ്. 

നഗരജീവിതം കൂടുതൽ യന്ത്രവൽക്കരിക്കപ്പെടുമ്പോൾ വനങ്ങളുടെ സ്ഥാനത്ത് ചട്ടികളും, വിശാലമായ ഭൂമിയുടെ സ്ഥാനത്ത് ബാൽക്കണികളും വന്നുവെന്നു മാത്രം.

ജീവന്റെ ചെറിയ രൂപങ്ങളെ മനുഷ്യൻ ഇന്നും അന്വേഷിക്കുന്നു. കാരണം, ജീവന്റെ സാന്നിധ്യമില്ലാത്ത ഇടങ്ങളിൽ മനുഷ്യബോധം സന്തുലിതമായി നിലനിൽക്കുക എളുപ്പമല്ല.

കോൺക്രീറ്റും സ്ക്രീനുകളും നിയന്ത്രിത പ്രകാശവും നിറഞ്ഞ ലോകത്തിലും മനുഷ്യൻ ഒരു ഇലയെ തന്റെ കമ്പ്യൂട്ടർ മോണിറ്ററിന് അരികിൽ ആഗ്രഹിക്കുന്നു. 

ഒരു പിടി മണ്ണിന്റെ ഈർപ്പവും ജീവന്റെ തുടിപ്പും തനിക്കൊപ്പമുണ്ടെന്ന് അനുഭവിക്കാൻ.
അതുകൊണ്ടാവാം, നഗരത്തിന്റെ ഏറ്റവും ചെറിയ പച്ചപ്പിനുപോലും മനുഷ്യൻ ഇത്രയേറെ അർഥം നൽകുന്നത്.

അകന്നുപോകുന്തോറും അടുപ്പിക്കുന്നതാണ് പ്രണയം. മനുഷ്യന്റെ ആദ്യപ്രണയം പ്രകൃതിയോടായിരുന്നല്ലോ.

-സുരേഷ്ബാബു പി.കെ

 

Get more updates from Pudukad News on Google