ക്യാൻസർ ചികിത്സയിലെ നൂതന മുന്നേറ്റങ്ങൾ ചർച്ചയാകും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ഒക്ടോബർ 2 മുതൽ | Aster Quality Care Cancer Conclave 2026

Current: മലയാളം

കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്യാൻസർ വിദഗ്ധർ പങ്കെടുക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് (Aster Quality Care Cancer Conclave 2026) 2026 ഒക്ടോബർ 2 മുതൽ 4 വരെ കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കും. ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം പ്രമുഖ ദേശീയ ഫാക്കൽറ്റി അംഗങ്ങളും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. ആസ്റ്റർ, കെയർ ഹോസ്പിറ്റൽസ്, കിംസ് ഹെൽത്ത്, എവർകെയർ എന്നിവ സംയുക്ത ആരോഗ്യസംരക്ഷണ സ്ഥാപനമായി പ്രവർത്തിക്കുന്ന സാഹചര്യത്തിലുള്ള കോൺക്ലേവിന്റെ ഈ പതിപ്പ് ആരോഗ്യരംഗത്തെ സഹകരണത്തിനും അറിവ് പങ്കിടലിനും വേദിയാകും.
ക്യാൻസർ പ്രതിരോധം, പ്രിസിഷൻ ഓങ്കോളജി, മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ്, സർജിക്കൽ, മെഡിക്കൽ, റേഡിയേഷൻ ഓങ്കോളജി, ഹെമറ്റോളജിക് മലിഗ്നൻസികൾ, ഇമ്യൂണോതെറാപ്പി, ഗവേഷണം, പാലിയേറ്റീവ് കെയർ, മൾട്ടിഡിസിപ്ലിനറി ക്യാൻസർ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലായി 60ലധികം അക്കാദമിക് സെഷനുകളാണ് സമ്മേളനത്തിൽ നടക്കുക.
മുഖ്യപ്രഭാഷണങ്ങൾ, മൾട്ടിഡിസിപ്ലിനറി ട്യൂമർ ബോർഡുകൾ, വിദഗ്ധ പാനൽ ചർച്ചകൾ, കേസ് അധിഷ്ഠിത സംവാദങ്ങൾ, ക്ലിനിക്കൽ ഗവേഷണ അവതരണങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
ക്യാൻസർ പരിചരണ രംഗത്തെ പുതിയ ആശയങ്ങളും ചികിത്സാ രീതികളിലെ നവീകരണങ്ങളും പങ്കുവെക്കുന്നതിനും രോഗികളുടെ പരിചരണവും ചികിത്സാഫലവും മെച്ചപ്പെടുത്തുന്നതിനായി വിദഗ്ധരെ ഒരുമിപ്പിക്കുകയുമാണ് കോൺക്ലേവിന്റെ ലക്ഷ്യമെന്ന് എക്യൂസിസിഒഎൻ-2026 ഓർഗനൈസിംഗ് സെക്രട്ടറി കൂടിയായ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. അരുൺ ആർ. വാര്യർ പറഞ്ഞു.
മെഡിക്കൽ, സർജിക്കൽ, റേഡിയേഷൻ, ഹെമറ്റോ ഓങ്കോളജി വിദഗ്ധർ, പത്തോളജിസ്റ്റുകൾ, റേഡിയോളജിസ്റ്റുകൾ, ന്യൂക്ലിയർ മെഡിസിൻ, ജെനോമിക് മെഡിസിൻ വിദഗ്ധർ, ഗവേഷകർ, ഫെലോകൾ, റസിഡന്റുമാർ, മെഡിക്കൽ വിദ്യാർഥികൾ, അനുബന്ധ ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഓർഗനൈസിംഗ് ചെയർപേഴ്സണും ആസ്റ്റർ മെഡ്സിറ്റിയിലെ ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ലീഡും സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. ജെം കളത്തിൽ അറിയിച്ചു.
എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡോ. ജെം കളത്തിൽ, കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ പാലിയേറ്റീവ് മെഡിസിൻ ആൻഡ് കമ്മ്യൂണിറ്റി ഓങ്കോളജി കൺസൾട്ടന്റ് ഡോ. വിനീത റിജ്ജു, ഓങ്കോളജി വിഭാഗം സീനിയർ കൗൺസിലർ സാജൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
Story Summary:
Aster Quality Care Cancer Conclave 2026 will be held in Kochi from October 2 to 4, bringing together more than 100 oncology experts and delegates from across India. The three-day event will feature over 60 academic sessions covering cancer prevention, precision oncology, immunotherapy, research and multidisciplinary cancer care.




