ലൈസൻസില്ലാത്ത പരിശീലന സ്ഥാപനങ്ങൾക്കെതിരെ നടപടി; മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം | Oman Labour Ministry

Current: മലയാളം

മസ്കത്ത്: ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം (Oman Labour Ministry). ഔദ്യോഗിക അംഗീകാരമില്ലാതെ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നവർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
തൊഴിൽ പരിശീലന മേഖലയിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഉദ്യോഗാർഥികളെയും പരിശീലനാർഥികളെയും സാമ്പത്തിക, അക്കാദമിക് തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനുമാണ് നടപടി. അംഗീകാരമോ ലൈസൻസോ ഇല്ലാതെ പരിശീലന പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ മന്ത്രാലയത്തെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വിവരങ്ങൾ Ifd@mol.gov.om എന്ന ഇമെയിൽ വിലാസത്തിൽ നൽകാം. ലഭിക്കുന്ന പരാതികളിൽ വിശദമായ അന്വേഷണം നടത്തുകയും നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Story Summary:
Oman’s Ministry of Labour has warned private training institutions and agencies operating without valid licences. Authorities said strict action will be taken against those conducting unauthorised training programmes or issuing fake certificates.




