വിദ്യാഭ്യാസ രംഗത്തെ ആർഎസ്എസ് ഇടപെടലിനെതിരെ പ്രതിരോധം ശക്തമാക്കും. കേരളമടക്കമുള്ള കോൺഗ്രസ് സർക്കാരുകൾക്ക് നിർദേശവുമായി എഐസിസി

Current: മലയാളം

ഡൽഹി: വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജണ്ട ചെറുക്കാൻ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് എഐസിസി നിർദേശം. മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിലാണ് നേതൃത്വം നിർദേശം നൽകിയത്.
ആർഎസ്എസ് വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്നത് വിഷലിപ്തമായ അജണ്ട എന്ന് ഹൈക്കമാൻഡിൻ്റെ വിമർശനം. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ യോഗത്തിൽ തീരുമാനമായി.
സംസ്ഥാനങ്ങളിൽ സെമിനാറുകൾ നടത്തി ബദൽ വിദ്യാഭ്യാസ നയം തീരുമാനിക്കണം. ദേശീയ തലത്തിലും സെമിനാർ നടത്തി ഇക്കാര്യം ചർച്ച ചെയ്യും.
മുഖ്യമന്ത്രിമാർ ആർഎസ്എസിന്റെ അജണ്ടയും വൈസ് ചാൻസലർമാരിലൂടെ നടത്തുന്ന കൈകടത്തലും തുറന്ന് കാട്ടണമെന്നും ഹൈക്കമാൻഡ് നിർദേശം നൽകി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാക്കി മാറ്റാൻ ഹൈക്കമാൻഡ് നിർദേശിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗം വിളിച്ചുചേർത്തത്.
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.




