"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ ജനനത്തീയതി മാറ്റിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി; രേഖകളിലെ മാറ്റത്തിൽ പെൺകുട്ടിയെ കേട്ടില്ലെന്ന് കോടതി, നിയമപ്രകാരം വീണ്ടും തീരുമാനമെടുക്കാൻ നിർദേശം

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഇൻഡോർ: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിക്ക് ആശ്വാസമായി മധ്യപ്രദേശ് ഹൈകോടതി വിധി. പെൺകുട്ടിയുടെ ജനനത്തീയതി മാറ്റിക്കൊണ്ട് മഹേശ്വർ ചീഫ് മുനിസിപ്പൽ ഓഫീസർ (സി.എം.ഒ) പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി ബെഞ്ച് റദ്ദാക്കി.


പെൺകുട്ടിയും ഭർത്താവും ചേർന്ന് സമർപ്പിച്ച റിട്ട് ഹരജി പരിഗണിച്ച ജസ്റ്റിസ് ഗജേന്ദ്ര സിങ്ങാണ് ഉത്തരവ് റദ്ദാക്കിയത്. ജനനത്തീയതി മാറ്റുന്നതിനായി പെൺകുട്ടിയുടെ പിതാവ് നൽകിയ അപേക്ഷയെക്കുറിച്ച് പെൺകുട്ടിയെ അറിയിക്കുകയോ വാദം കേൾക്കാൻ അവസരം നൽകുകയോ ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.


 

1969-ലെ ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലെ സെക്ഷൻ 15 പ്രകാരം മഹേശ്വർ സി.എം.ഒ പുറപ്പെടുവിച്ച ഉത്തരവാണ് കോടതി റദ്ദാക്കിയത്. പെൺകുട്ടിയുടെ ഭാഗം കൂടി കേട്ടുകൊണ്ട് ഈ വിഷയത്തിൽ നിയമപരമായ തീരുമാനമെടുക്കാൻ മഹേശ്വർ സി.എം.ഒയോട് കോടതി ഉത്തരവിട്ടു.

2026 മാർച്ചിൽ പെൺകുട്ടിയും സുഹൃത്തായ ഫര്‍മാന്‍ ഖാനും തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായിരുന്നു. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് വരുത്തിതീർക്കാൻ കുടുംബം രേഖകളിൽ കൃത്രിമം കാട്ടി പോക്സോ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് നിയമവിരുദ്ധമായി റദ്ദാക്കുകയും, തുടർന്ന് പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ തട്ടിക്കൊണ്ടുപോകൽ, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ, ശിശുവിവാഹ നിരോധന നിയമം, എസ്‌.സി/എസ്‌.ടി അതിക്രമങ്ങൾ തടയൽ നിയമം എന്നീ വകുപ്പുകൾ പ്രകാരം മഹേശ്വർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.


എന്നാൽ തന്റെ യഥാർത്ഥ ജനനത്തീയതി 2008 ജനുവരി 1 ആണെന്നും, മഹേശ്വർ നഗർ പഞ്ചായത്ത് നൽകിയ സർട്ടിഫിക്കറ്റ്, പാൻ കാർഡ് തുടങ്ങി മറ്റ് ഔദ്യോഗിക രേഖകളിലെല്ലാം ഈ തീയതിയാണ് ഉള്ളതെന്നും പെൺകുട്ടി വ്യക്തമാക്കി.

എന്നാൽ മാറ്റം വരുത്തിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെതിരെ കേസെടുത്തതെന്നും ദമ്പതികൾ കോടതിയെ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ വിവേക് കൃഷ്ണ തങ്കയാണ് ഹരജിക്കാർക്ക് വേണ്ടി കോടതിയിൽ ഹാജരായത്.

Get more updates from Pudukad News on Google