"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഭക്ഷ്യസ്ഥാപനങ്ങളിൽ എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’; 1,436 ലീറ്റർ എണ്ണ പിടിച്ചെടുത്തു | Operation Thelima

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

Operation Thelima

തിരുവനന്തപുരം: ഭക്ഷ്യസ്ഥാപനങ്ങളിൽ പാചക എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനവ്യാപക പ്രത്യേക പരിശോധന (Operation Thelima). ‘ഓപ്പറേഷൻ തെളിമ’ എന്ന പേരിൽ സെപ്റ്റംബർ 29, 30 തീയതികളിൽ നടത്തിയ പരിശോധനയിൽ 1,834 ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.

മാനദണ്ഡങ്ങൾ പാലിക്കാതെ ഉപയോഗിച്ച 1,436.4 ലീറ്റർ പാചക എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 74 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും 19 സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്യുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി.

വഴിയോര ഭക്ഷണശാലകൾ, ചായക്കടകൾ, തട്ടുകടകൾ, പലഹാര നിർമാണ യൂണിറ്റുകൾ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന. എണ്ണപ്പലഹാരങ്ങളും വറുത്ത ഭക്ഷ്യവിഭവങ്ങളും വലിയ തോതിൽ തയ്യാറാക്കുന്ന സ്ഥാപനങ്ങളെയാണ് പരിശോധനയിൽ പ്രത്യേകം ലക്ഷ്യമിട്ടത്.

പാചക എണ്ണ ആവർത്തിച്ച് ചൂടാക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണനിലവാരത്തകർച്ചയുടെ പ്രധാന സൂചകമാണ് ടോട്ടൽ പോളാർ കോമ്പൗണ്ട്സ് (TPC). നിലവിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരം ടി.പി.സി 25 ശതമാനത്തിൽ കൂടുതലുള്ള എണ്ണ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാൻ പാടില്ല.

എണ്ണ തുടർച്ചയായി ചൂടാക്കുമ്പോൾ രാസവിഘടനം സംഭവിക്കുകയും പോളാർ സംയുക്തങ്ങൾ ഉൾപ്പെടെയുള്ള വിഘടന ഉൽപ്പന്നങ്ങൾ രൂപപ്പെടുകയും ചെയ്യും. ഗുണനിലവാരം നഷ്ടപ്പെട്ട എണ്ണയുടെ തുടർച്ചയായ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കുന്നത്.

വലിയ അളവിൽ പാചക എണ്ണ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ എണ്ണയുടെ ഉപയോഗവും നിർമാർജനവും സംബന്ധിച്ച രേഖകൾ കൃത്യമായി സൂക്ഷിക്കണം. ഉപയോഗിച്ച എണ്ണ അംഗീകൃത ഏജൻസികൾക്ക് ബയോഡീസൽ നിർമാണത്തിനായി കൈമാറണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Story Summary :
Kerala’s Food Safety Department has launched a statewide special inspection drive named ‘Operation Thelima’ to prevent the repeated use of cooking oil in food establishments. During inspections on September 29 and 30, officials checked 1,834 establishments, seized and destroyed 1,436.4 litres of cooking oil, and ordered the closure of 74 establishments for violations.

Get more updates from Pudukad News on Google