അഴുക്കുപുരണ്ട വിരിപ്പില്‍ കിടക്കുന്ന നഴ്സിംഗ് ഹോമിലെ വയോധികയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച നഴ്സിനെതിരെ ശിക്ഷാ നടപടിക്കൊരുങ്ങി എന്‍ എം ബി ഐ

Current: മലയാളം

ഡബ്ലിന്‍: അഴുക്കുപുരണ്ട വിരിപ്പില്‍ കിടക്കുന്ന നഴ്സിംഗ് ഹോം അന്തേവാസിയായ വയോധികയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫിലിപ്പൈന്‍ നഴ്സിനെതിരെ ശിക്ഷണനടപടി വരുന്നു.തൊഴില്‍പരമായ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജെറിമേ ഗാര്‍ഗല്ലാനോയ്ക്കെതിരെ നടപടിയെടുക്കുന്നത്.
നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡ് നടത്തിയ ‘ഫിറ്റ്‌നസ്-ടു-പ്രാക്ടീസ്’അന്വേഷണത്തില്‍ ജെറിമേ ഗാര്‍ഗല്ലാനോ നാല് കുറ്റാരോപണങ്ങളും പൂര്‍ണ്ണമായി സമ്മതിച്ചിരുന്നു. 2025 ജൂലൈ 1-2 തീയതികളില്‍ വിക്‌ളോയിലെ ബ്രേയിലുള്ള ഹെര്‍ബര്‍ട്ട് റോഡിലെ കെയര്‍ണ്‍ഹില്‍ നഴ്സിംഗ് ഹോമില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോഴായിരുന്നു പരാതിയുണ്ടാക്കിയ സംഭവങ്ങള്‍.
അഴുക്കുനിറഞ്ഞ വിരിപ്പിലെ വനിതാ അന്തേവാസിയുടെ ചിത്രവും അവരെ കിടക്കയില്‍ നിന്ന് മാറ്റിയ ശേഷമുള്ള മറ്റൊരു ചിത്രവും ഗാര്‍ഗല്ലാനോ പകര്‍ത്തിയതായി അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു.
ചിത്രങ്ങള്‍ നീക്കം ചെയ്യുന്നതിന് മുമ്പ് രണ്ട് മണിക്കൂറോളം ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു.ഓണ്‍ലൈനില്‍ ചിത്രങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നഴ്സിന്റെ മുന്‍ സഹപ്രവര്‍ത്തകയാണ് ‘ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റി’ക്ക് പരാതി നല്‍കിയതും എന്‍ എം ബി ഐയെ അറിയിച്ചതും.സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന് തൊഴിലുടമയായ ‘ട്രിനിറ്റി കെയര്‍’ ആ നഴ്സിനെ സസ്പെന്‍ഡ് ചെയ്തു.പിന്നീട് അവരെ ജോലിയില്‍ നിന്ന് പിരിച്ചുംവിട്ടു.
2023 മുതല്‍ അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന ഈ നഴ്സ് ഈ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സ്വപ്നതുല്യമായ ജീവിതം! ഓരോ ദുരന്തമായി മാറുന്നു എന്ന അടിക്കുറിപ്പോടെയും സണ്‍ഗ്ലാസ് ധരിച്ച ഇമോജിയോടെയുമാണ് പങ്കുവെച്ചത്.
നഴ്സിന്റെ പെരുമാറ്റം തെറ്റായ തൊഴില്‍ നിര്‍വ്വഹണമാണെന്നും, എന്‍ എം ബി ഐയുടെ തൊഴില്‍പരമായ പെരുമാറ്റച്ചട്ടങ്ങളുടെയും ധാര്‍മ്മികതയുടെയും ലംഘനമാണെന്നും ഉപസമിതി കണ്ടെത്തി.
അവശരായ രോഗികളെ പരിചരിക്കുന്ന നഴ്സുമാര്‍ ഫോട്ടോകള്‍ എടുക്കുന്നതിന് പകരം രോഗികളുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിക്കുകയും പരിചരണം നല്‍കുകയുമാണ് വേണ്ടതെന്ന് അന്വേഷണ സമിതി അധ്യക്ഷന്‍ കോനന്‍ മക്കെന അഭിപ്രായപ്പെട്ടു.ശരീരഭാഗങ്ങള്‍ വ്യക്തമാകുന്ന തരത്തിലുള്ള ചിത്രങ്ങള്‍ എടുക്കുന്നതിനോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനോ യാതൊരുവിധ ചികിത്സാപരമായ ന്യായീകരണവുമില്ല.
ത്തതിനാല്‍ ഗാര്‍ഗല്ലാനോയുടെ പെരുമാറ്റം തീര്‍ത്തും അനുചിതമായിരുന്നുവെന്ന് എന്‍ എം ബി ഐയുടെ അഭിഭാഷക കവോയിം ഡാലി ചൂണ്ടിക്കാട്ടി.
വയോധികയുടെ മകളുടെ സാക്ഷി മൊഴി
മൂന്ന് മാസം മുമ്പ് 94-ാം വയസ്സില്‍ അന്തരിച്ച തന്റെ അമ്മ അശക്തയും ദുര്‍ബലാവസ്ഥയിലുള്ളവളും’ ആയിരുന്നുവെന്ന് അന്തേവാസിയുടെ മകള്‍ അന്വേഷണ സമിതിയെ അറിയിച്ചു.
ശസ്ത്രക്രിയയ്ക്ക് ശേഷം കുറച്ചു കാലത്തേക്ക് മാത്രമാണ് അമ്മയെ കെയര്‍ണ്‍ഹില്ലില്‍ താമസിപ്പിച്ചത്. എന്നാല്‍ വാര്‍ദ്ധക്യസഹജമായ അവസ്ഥയും അവിടെ ലഭിച്ച മികച്ച പരിചരണവും കാരണം പിന്നീട് സ്ഥിരതാമസക്കാരിയാക്കി.
നഴ്സിംഗ് ഹോമില്‍ അമ്മ സന്തുഷ്ടയായിരുന്നുവെന്നും എല്ലാ ജീവനക്കാര്‍ക്കും അവരെ ഇഷ്ടമായിരുന്നുവെന്നും അവര്‍ അറിയിച്ചു. ഗാര്‍ഗല്ലാനോ ആയിരുന്നു രണ്ടുവര്‍ഷത്തിലേറെയായി അമ്മയുടെ പരിചരണച്ചുമതലയുണ്ടായിരുന്ന നഴ്സ്.
അമ്മയ്ക്ക് മലമൂത്രവിസര്‍ജ്ജനം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയില്ലായിരുന്നു. വസ്ത്രത്തില്‍ അഴുക്ക് പറ്റിയത് മരുന്നിന്റെ പാര്‍ശ്വഫലം മൂലമാണെന്നും ആ നഴ്സിന് അറിയാമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
മോശം അനുഭവം അമ്മയെ അറിയിച്ചില്ല
തന്റെ രൂപഭംഗിയില്‍ അതീവ ശ്രദ്ധാലുവായിരുന്ന അമ്മ, ഇത്തരത്തിലുള്ള ചിത്രങ്ങള്‍ എടുത്ത വിവരം അറിഞ്ഞിരുന്നെങ്കില്‍ അതീവ ദുഃഖിതയും തകര്‍ന്നു പോകുമായിരുന്നുവെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു. അമ്മയുടെ സ്വകാര്യതയ്ക്കും അന്തസ്സിനുമേലും ഉണ്ടായ ഈ ഗുരുതരമായ ലംഘനം അങ്ങേയറ്റം ദുഃഖിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തു,’ അവര്‍ പറഞ്ഞു.
അമ്മയുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട വിവരം അവരോട് പറയേണ്ടതില്ലെന്ന് കുടുംബം എടുത്ത തീരുമാനം വളരെ പ്രയാസകരമായിരുന്നു.അമ്മയുടെ ചികിത്സാ രേഖകള്‍ ലഭിക്കുന്നതിന് നിയമനടപടികള്‍ക്കായി 2,840 യൂറോ ചെലവഴിക്കേണ്ടി വന്നുവെന്നും സാക്ഷി അറിയിച്ചു.ഇത്തരം ചിത്രങ്ങള്‍ക്ക് പോണോഗ്രാഫിയുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍, അതിയായ ആശങ്കയുണ്ടെന്നും അവര്‍ അറിയിച്ചു
സുഹൃത്തുക്കളെ കാണിക്കാനാണ് ചിത്രം പകര്‍ത്തിയതെന്ന് നഴ്സ്
തന്റെ പ്രവൃത്തികള്‍ അപ്പോള്‍ ദോഷകരമല്ലാത്ത ഒന്നാണെന്നും, അന്തേവാസിയെ അപമാനിക്കാനോ താഴ്ത്തിക്കെട്ടാനോ സാഹചര്യത്തെ പരിഹസിക്കാനോ തനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും ഗാര്‍ഗല്ലാനോ വിശദീകരിച്ചു. കാല്‍ കാണാമെന്ന് കണ്ടതിനെ തുടര്‍ന്ന് പോസ്റ്റ് നീക്കിയിരുന്നെന്നും ഇവര്‍ അറിയിച്ചു.
ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കുന്നത് നിരോധിച്ചിരുന്നു. നഴ്സിംഗ് ഹോമിലെ ജോലി തമാശയല്ലെന്ന് സുഹൃത്തുക്കളെ കാണിക്കാനാണ് താന്‍ ചിത്രങ്ങള്‍ എടുത്തതെന്നും നഴ്സ് വ്യക്തമാക്കിയിരുന്നു.
മാപ്പപേക്ഷിച്ച് നഴ്സിന്റെ അഭിഭാഷക
നഴ്സിന് വേണ്ടി അഭിഭാഷകയായ കാറ്റി മോറിസി മാപ്പ് അപേക്ഷിച്ചു.തന്റെ കക്ഷിയുടെ സ്വഭാവത്തിന് നിരക്കാത്ത ഒറ്റപ്പെട്ട സംഭവമാണിതെന്നും അതില്‍ അവര്‍ക്ക് ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്നും മോറിസി അറിയിച്ചു.ഹിയറിംഗുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകളില്‍ നഴ്സിന്റെ പേര് വെളിപ്പെടുത്തരുതെന്ന മോറിസിയുടെ ആവശ്യം ഉപസമിതി തള്ളി.
നഴ്സിനെ ശാസിച്ചും, ഭാവിയിലെ നല്ല പെരുമാറ്റത്തെക്കുറിച്ച് ഉറപ്പു വാങ്ങിയും മികച്ച പരിശീലനങ്ങളില്‍ പങ്കെടുപ്പിച്ചും കേസ് തീര്‍പ്പാക്കണമെന്ന അവരുടെ അപേക്ഷയും സമിതി നിരസിച്ചു.
ഇത്തരം ഗുരുതരമായ പെരുമാറ്റത്തിന് നല്‍കേണ്ട ശിക്ഷാ ഏറ്റവും കടുത്തതായിരിക്കണമെന്ന് ചൂണ്ടിക്കാട്ടി വാദി ഭാഗം ഈ അപേക്ഷയെ ശക്തമായി എതിര്‍ത്തു.തുടര്‍ന്ന് അപേക്ഷ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അധ്യക്ഷ വ്യക്തമാക്കി.




