‘പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ’; എ.സി.പിയോട് പോലീസുകാരനെതിരെ വധഭീഷണി മുഴക്കി സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയ് എം.എൽ.എ. ദൃശ്യങ്ങൾ പുറത്ത്. തലസ്ഥാനത്തെ സംഘർഷത്തിൽ എസ്.എഫ്.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്

Current: മലയാളം

തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് സി.പി.എം നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ, പോലീസുകാരനെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ വി. ജോയ് എം.എൽ.എയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്.
സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി. ജോയ് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ വി. ജയചന്ദ്രനോട് ഭീഷണി മുഴക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മുതിർന്ന പാർട്ടി നേതാക്കളായ ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.
“അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ” എന്ന് വി. ജോയ് പ്രകോപനപരമായി സംസാരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
തലസ്ഥാന നഗരിയിൽ കഴിഞ്ഞദിവസം രാത്രി യൂണിവേഴ്സിറ്റി കോളജ് പരിസരത്തുണ്ടായ വൻ സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്, കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ നൈറ്റ് മാർച്ചിന് നേരെ യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ നിന്ന് കല്ലേറുണ്ടായതോടെയാണ് അക്രമങ്ങൾക്ക് തുടക്കമായത്.
തുടർന്ന് കോളജിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തമെറിയുകയും, നേതാക്കൾ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാലെ ക്യാമ്പസിനകത്ത് കടന്ന് ബാനറുകളും കൊടികളും നശിപ്പിക്കുകയും ചെയ്തു. ഇതിനിടെ ഹോസ്റ്റലിൽ നിന്ന് എസ്.എഫ്.ഐ പ്രവർത്തകർ കല്ലേറ് തുടർന്നതോടെ പോലീസ് ഹോസ്റ്റലിനകത്ത് കയറി വിദ്യാർത്ഥികളെ ലാത്തിച്ചാർജ് ചെയ്യുകയായിരുന്നു.
കന്റോൺമെന്റ് സി.ഐ സതീഷ്കുമാറും എസ്.ഐ ഗോകുലുമാണ് ഹോസ്റ്റലിൽ കയറി മർദ്ദിച്ചതെന്ന് ആരോപിച്ച് ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് സി.പി.എമ്മും എസ്.എഫ്.ഐയും സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
യൂണിവേഴ്സിറ്റി കോളജിലും ഹോസ്റ്റലിലും അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തിയതിനാണ് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്കെതിരെ പോലീസ് നടപടിയെടുത്തത്.
കല്ലും കുപ്പികളും ഉപയോഗിച്ച് ആക്രമണം നടത്തുകയും ഗതാഗത തടസ്സമുണ്ടാക്കി പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുത്തിട്ടുള്ളത്.
ഇരുവിഭാഗത്തിലെയും സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതിചേർത്തിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.




