എൽ.ജി.ബി.ടി.ക്യൂ ഇൻഫ്ലുവൻസർ മാഡ് സന്ധുവിന്റെ കൊലപാതകത്തിന് പിന്നാലെ പഞ്ചാബിൽ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പിയും കോൺഗ്രസും: ‘ഭഗവന്ത് മാൻ സർക്കാരിന് കീഴിൽ പഞ്ചാബ് കുറ്റവാളികളുടെ തലസ്ഥാനമായി മാറി, ക്രമസമാധാനം പൂർണ്ണമായും തകർന്നു’; ദിവസേനയുള്ള ഗാങ്‌സ്റ്റർ-ലഹരി മാഫിയ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധം ഇരമ്പുന്നു

Current: മലയാളം

ചണ്ഡീഗഡ്: പ്രശസ്ത എല്‍.ജി.ബി.ടി.ക്യൂ ഇന്‍ഫ്‌ലുവന്‍സറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ മാഡ് സന്ധു അമൃതസറില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പഞ്ചാബിലെ എ.എ.പി സര്‍ക്കാരിനെതിരെയുള്ള കടന്നാക്രമണം കടുപ്പിച്ച് പ്രതിപക്ഷം.
സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നുവെന്നും ഭഗവന്ത് മാന്‍ സര്‍ക്കാര്‍ ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കും മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണെന്നും ബി.ജെ.പിയും കോണ്‍ഗ്രസും ആരോപിച്ചു.
അമൃതസറിലെ പട്ടാപ്പകലായുള്ള ഈ കൊലപാതകം നടുക്കുന്നതാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പ്രതികരിച്ചു.
മാന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ പരാജയങ്ങള്‍ കാരണം സമ്പന്നമായ പഞ്ചാബ് ഇന്ന് ‘കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി’ മാറിയെന്നും, സംസ്ഥാനത്തുടനീളം ഭീതിയുടെ അന്തരീക്ഷമാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
പഞ്ചാബില്‍ ദിവസേന കൊലപാതകങ്ങളും ലഹരി മാഫിയയുടെയും ഗാങ്സ്റ്ററുകളുടെയും അക്രമങ്ങളുമാണ് നടക്കുന്നതെന്നും, ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഭയമില്ലാത്ത അവസ്ഥയാണെന്നും ബി.ജെ.പി നേതാവ് മഞ്ജിന്ദര്‍ സിംഗ് സിര്‍സയും ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവ് രാജ് കുമാര്‍ വേര്‍ക്കയും എ.എ.പി സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നു തരിപ്പണമായിരിക്കുമ്പോള്‍ ഭഗവന്ത് മാനും അരവിന്ദ് കെജ്രിവാളും വലിയ ഹോര്‍ഡിംഗുകള്‍ വെച്ച് പരസ്യം നല്‍കുന്നതിരക്കിലാണെന്നും, കൊലപാതകത്തില്‍ മിണ്ടാന്‍ പോലും തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
മാഡ് സന്ധുവിന്റെ കൊലപാതകവും അതിര്‍ത്തി സംസ്ഥാനത്തെ വര്‍ദ്ധിച്ചുവരുന്ന ലഹരി-മാഫിയ ആക്രമണങ്ങളും ഉയര്‍ത്തി സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.




