യു.എസ് സന്ദർശക വിസ ലഭിക്കാൻ 20,000 ഡോളർ ബോണ്ട് തുക കെട്ടിവെക്കണമെന്ന നിയമം സ്ഥിരപ്പെടുത്തി അമേരിക്ക: 50 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് കടുപ്പമേറിയ വിസ നിബന്ധനകൾ നടപ്പിലാക്കുമ്പോൾ ഇന്ത്യക്കാർക്ക് വൻ ആശ്വാസം; വിസ ബോണ്ട് പട്ടികയിൽ ഇന്ത്യയില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്; ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ പൗരന്മാർക്ക് നിയമം ബാധകം
വാഷിംഗ്ടണ്‍: യു.എസ് സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കായുള്ള വിസ ബോണ്ട് പദ്ധതി സ്ഥിരം സംവിധാനമാക്കി ഉയര്‍ത്തി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്.
ബി1/ബി2 ബിസിനസ്, ടൂറിസ്റ്റ് വിസകള്‍ക്കായി അപേക്ഷിക്കുന്ന 50 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര് വിസ ലഭിക്കുന്നതിന് മുന്നോടിയായി 20,000 ഡോളര്‍ (ഏകദേശം 16.8 ലക്ഷത്തിലധികം രൂപ) വരെ ബോണ്ട് തുകയായി കെട്ടിവെക്കേണ്ടി വരും.
എന്നാല്‍, ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി ഇന്ത്യയെ ഈ നിബന്ധനയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അമേരിക്ക പുറത്തുവിട്ട 50 രാജ്യങ്ങളുടെ പുതിയ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്, നേപ്പാള്‍ തുടങ്ങിയവയും നൈജീരിയ, വെനസ്വേല, സിംബാബ്വെ, അള്‍ജീരിയ, ജോര്‍ജിയ എന്നിവയുള്‍പ്പെടെയുള്ള 50 രാജ്യങ്ങളാണ് ബോണ്ട് പട്ടികയിലുള്ളത്. സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞും അനധികൃതമായി അമേരിക്കയില്‍ തങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ കടുപ്പമേറിയ നടപടി.
കോണ്‍സുലാര്‍ ഉദ്യോഗസ്ഥന്റെ തീരുമാനപ്രകാരം 10,000 ഡോളര്‍, 15,000 ഡോളര്‍ അല്ലെങ്കില്‍ 20,000 ഡോളര്‍ എന്നിങ്ങനെയാണ് ബോണ്ട് തുക നിശ്ചയിക്കുന്നത്. വിസ നിബന്ധനകള്‍ കൃത്യമായി പാലിച്ച് കാലാവധിക്കുള്ളില്‍ തിരികെ മടങ്ങുന്ന യാത്രക്കാര്‍ക്ക് ഈ തുക പൂര്‍ണ്ണമായും റീഫണ്ട് ചെയ്യപ്പെടും.
എന്നാല്‍, കരമാര്‍ഗ്ഗമോ കടല്‍മാര്‍ഗ്ഗമോ അല്ലാതെ വാണിജ്യ വിമാനങ്ങള്‍ വഴി മാത്രമേ ഇവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനും മടങ്ങാനും അനുമതിയുള്ളൂ.
ഇന്ത്യയ്ക്ക് ഈ നിബന്ധന ബാധകമല്ലാത്തതിനാല്‍ ബി1/ബി2 വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യന്‍ പൗരന്മാര് ഈ തുക കെട്ടിവെക്കേണ്ടതില്ല.




