Skip to content
November 19, 2026
⌕

‘ക്യാമ്പസ് ഫ്ലിക്സ് ‘ ക്ലാസിക് സിനിമാ പ്രദര്‍ശനപരിപാടി മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു

October 6, 2026
Share this post to

തിരുവനന്തപുരം: കേരളം സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായ ‘ക്യാമ്പസ് ഫ്ലിക്‌സ് എന്ന ക്ലാസിക് സിനിമാ പ്രദര്‍ശനപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിര്‍വഹിച്ചു.

തിങ്കളാഴ്ച രാവിലെ 11. 30 ന് തിരുവനന്തപുരം ഗവ. വനിതാ കോളേജില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കുകയും പ്രോജക്റ്റ് അവതരണം നടത്തുകയും ചെയ്തു.

ചലച്ചിത്രതാരവും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ സംഗീത് പ്രതാപ്, സംവിധായകനും ദേശീയ, സംസ്ഥാന പുരസ്‌കാര ജേതാവുമായ ഫാസില്‍ മുഹമ്മദ് എന്നിവര്‍ വിശിഷ്ടാതിഥികളായി.

കോളേജുകളിലെ ഫിലിം ക്ലബ്ബുകളുടെ രൂപീകരണത്തിന്റെ ഉദ്ഘാടനം ക്ലാപ്പ് ബോര്‍ഡ് അടിച്ചുകൊണ്ട് അക്കാദമി ചെയര്‍പേഴ്‌സണ്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു.

ravindran film academy

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സിനിമകള്‍ കാണാന്‍ അവസരമൊരുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.

മോഹന്‍ലാലും മമ്മൂട്ടിയും ചലച്ചിത്രരംഗത്തെ മറ്റ് പ്രമുഖരും വിവിധ കോളേജുകളില്‍ നടക്കുന്ന ക്ലാസിക് സിനിമാ പ്രദര്‍ശനപരിപാടികളില്‍ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

തന്റെ 26 -ാമത്തെ മുടങ്ങാത്ത ഐ.എഫ്.എഫ്.കെയാണ് വരാനിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നു കണ്ട ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ, ഗെറ്റിംഗ് ഹോം തുടങ്ങിയ ക്ലാസിക് ചിത്രങ്ങളുടെ ഓര്‍മ്മകള്‍ മന്ത്രി പങ്കുവെച്ചു.

ഒരു കൂട്ടായ്മയിലിരുന്ന് സിനിമ കാണുന്നത് നല്ല അനുഭവമായിരിക്കുമെന്നും ഒരുമിച്ചു കണ്ടിട്ടുള്ള സിനിമകളാണ് തന്നില്‍ സിനിമയോടുള്ള ഇഷ്ടം വളര്‍ത്തിയത് എന്നും നടന്‍ സംഗീത് പ്രതാപ് പറഞ്ഞു. നല്ല സിനിമകള്‍ നല്ല മനുഷ്യനാവാന്‍ നമ്മെ സഹായിക്കും.

എല്ലാ ദേശങ്ങളിലെയും മനുഷ്യവികാരങ്ങള്‍ ഒരുപോലെയാണ് എന്ന് നാം തിരിച്ചറിയുന്നത് ലോകസിനിമകള്‍ കാണുമ്പോഴാണ് എന്നും സംഗീത് കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരായ സ്ത്രീകളാണ് തന്റെ സിനിമ സാക്ഷാത്കരിക്കാന്‍ സഹായിച്ചത് എന്ന് ഫാസില്‍ മുഹമ്മദ് പറഞ്ഞു.

സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. കെ. ഇമ്പശേഖര്‍ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. കൗണ്‍സിലര്‍ രാഖി രവികുമാര്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എം. രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ബി. രാകേഷ്, സാബു ശങ്കര്‍, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ചിത്ര ടി നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി ഇന്‍ ചാര്‍ജ് സജിത് സി.സി. നന്ദി രേഖപ്പെടുത്തി.

ഉദ്ഘാടനച്ചടങ്ങിനുശേഷം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു. സിനിമയ്ക്കു ശേഷം സംവിധായകന്‍ ഫാസില്‍ മുഹമ്മദുമായുള്ള സംവാദത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു.

Get more updates from Pudukad News on Google