ഫരീദാബാദിൽ വീട്ടിനുള്ളിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന ബി.സി.എ വിദ്യാർത്ഥിനിയെ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതൻ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തു: കഴുത്തിലും നെറ്റിയിലും ഗുരുതരമായി പരിക്കേറ്റ 19-കാരി ആശുപത്രിയിൽ; എതിർക്കാൻ അവസരം നൽകാതെ ക്രൂരമായ ആക്രമണം നടത്തി രക്ഷപ്പെട്ട അക്രമിക്കായി ഊർജ്ജിത തിരച്ചിൽ
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദ് സെക്ടര്‍ 86-ല്‍ വീടിനുള്ളില്‍ കയറി 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതന്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30-ഓടെയാണ് നാടിനെ നടുക്കിയ ഈ ക്രൂര സംഭവം നടന്നത്. ഫരീദാബാദിലെ കോളേജില്‍ ബി.സി.എ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വീട്ടില്‍ തനിച്ചിരുന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുമ്പോഴായിരുന്നു ആക്രമണം.
തുണി ഉപയോഗിച്ച് മുഖം മറച്ചെത്തിയ അക്രമി, പെണ്‍കുട്ടിക്ക് സ്വയം പ്രതിരോധിക്കാനോ ബഹളം വെക്കാനോ അവസരം നല്‍കാതെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ കഴുത്തില്‍ മൂന്ന് വെട്ടുകളും നെറ്റിയില്‍ രണ്ടും മുറിവുകളുമുണ്ട്. ആക്രമണത്തിന് ശേഷം അക്രമി ഉടന്‍ തന്നെ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
പെണ്‍കുട്ടി ഫോണിലൂടെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ പിതാവാണ് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് മാസം മുമ്പാണ് പഠനാവശ്യത്തിനായി പെണ്‍കുട്ടി ഉത്തര്‍പ്രദേശ് സ്വദേശിയായ പിതാവിനൊപ്പം സെക്ടര്‍ 86-ലെ ബുധാന ഗ്രാമത്തില്‍ താമസം തുടങ്ങിയത്.
സംഭവത്തില്‍ ഖേരി പുള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിയെ പിടികൂടിയാല്‍ മാത്രമേ ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്ന് ഫരീദാബാദ് പോലീസ് പി.ആര്‍.ഒ യശ്പാല്‍ യാദവ് അറിയിച്ചു.




