പരാജയത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു’: ഉറുഗ്വെയോടുള്ള തോൽവിയിൽ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഖാലിദ് ജമീൽ | Khalid Jamil
കൊൽക്കത്ത: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഉറുഗ്വെയോട് ഏറ്റ 1-6 എന്ന ദാരുണ തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യൻ ഹെഡ് കോച്ച് ഖാലിദ് ജമീൽ. മോശം കാലാവസ്ഥ മൂലം മത്സരം 34 മിനിറ്റ് തടസ്സപ്പെട്ടതോ കളിക്കാരുടെ ശ്രദ്ധക്കുറവോ തോൽവിക്ക് ന്യായീകരണമായി പറയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് തവണ ലോക ചാമ്പ്യൻമാരായ ഉറുഗ്വെയ്ക്ക് മുന്നിൽ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇന്ത്യ വലിയ തോൽവി വഴങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനോട് 0-4 നും ഇന്ത്യ തോറ്റിരുന്നു.(Khalid Jamil Takes Full Responsibility For Indias Heavy 1-6 Defeat To Uruguay)
മത്സരത്തിൽ ഡാർവിൻ നുണെസിന്റെ പെനാൽറ്റി ഗോളിലൂടെ ഉറുഗ്വെയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 22-ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പയിലൂടെ ഇന്ത്യ തിരിച്ചടിച്ച് സമനില പിടിച്ചു. തുടർന്ന് പെയ്ത ശക്തമായ മഴയും ഇടിമിന്നലും കാരണം മത്സരം നിർത്തിവെച്ചു. പുനരാരംഭിച്ചതിന് ശേഷം പൂർണ്ണമായും കളം നിറഞ്ഞ ഉറുഗ്വെ അഞ്ച് ഗോളുകൾ കൂടി ഇന്ത്യയുടെ വലയിലെത്തിക്കുകയായിരുന്നു. മാക്സിമിലിയാനോ അറൗഹോ ഇരട്ട ഗോളുകൾ നേടിയപ്പോൾ റോഡ്രിഗോ സലാസാർ, ജുവാൻ സനാബ്രിയ, റോഡ്രിഗോ അഗ്വിറെ എന്നിവരും ഉറുഗ്വെയ്ക്കായി ലക്ഷ്യം കണ്ടു.
തനിക്ക് വലിയ തെറ്റുകൾ സംഭവിച്ചതായി ഖാലിദ് ജമീൽ തുറന്നുപറഞ്ഞു. കളിക്കാരെ കുറ്റപ്പെടുത്തില്ലെന്നും അടിയന്തരമായി തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തുടക്കത്തിൽ അൽപ്പം മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് തന്ത്രങ്ങൾ മാറ്റി കളി നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞതായി ഉറുഗ്വെ പരിശീലകൻ ഡീഗോ ഫോർലാൻ പ്രതികരിച്ചു.
Story Summary
India head coach Khalid Jamil took full responsibility for the team’s heavy 1-6 defeat against Uruguay in an international friendly match. Despite Anirudh Thapa’s equalizer, Uruguay dominated after a rain delay, while coach Diego Forlan praised his side’s performance.




