മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ അശ്വന്ത് കോക്കിന്റെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞത്. 5 വർഷത്തേക്ക് പുതുക്കി നൽകില്ലെന്ന് റിപ്പോർട്ട്. ലൈസൻസില്ലാതെ മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുക്കും. വിശദമായ റിപ്പോർട്ട് പോലീസിന് കൈമാറി മോട്ടോർ വാഹന വകുപ്പ്
കോഴിക്കോട്: യുട്യൂബറും സിനിമാ നിരൂപകനുമായ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ ഇയാളുടെ കൈവശമുണ്ടായിരുന്നത് കാലാവധി കഴിഞ്ഞ ലൈസൻസാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. 2025 ഫെബ്രുവരിയിൽ തന്നെ ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.
ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് പോലീസിന് കൈമാറിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ ലൈസൻസുമായി മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും, അടുത്ത അഞ്ചുവർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്നുമാണ് വിവരം.
കോഴിക്കോട് നടക്കാവ് വെച്ചായിരുന്നു അശ്വന്ത് സഞ്ചരിച്ച വാഹനം കാറിലും ബൈക്കിലും ഇടിച്ച് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാരോട് അശ്വന്ത് തട്ടിക്കയറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്നായിരുന്നു ഇയാൾ പോലീസിനോട് പറഞ്ഞിരുന്നത്. തുടർന്ന് കസ്റ്റഡിയിലെടുത്ത അശ്വന്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു.
അപകടസമയത്ത് ഇയാൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് രണ്ട് കുപ്പി മദ്യവും ഒരു എയർ ഗണ്ണും പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം, താൻ മദ്യപിച്ചിരുന്നുവെന്നും ചെയ്തത് വലിയ തെറ്റാണെന്ന് പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട് അശ്വന്ത് പിന്നീട് തന്റെ യുട്യൂബ് ചാനലിലൂടെ രംഗത്തെത്തി.
ഇനി ജീവിതത്തിൽ ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ലെന്നും, നിയമവിരുദ്ധമായി തന്റെ ജീവിതത്തിൽ ചെയ്ത ഏക കാര്യം ഇതുമാത്രമാണെന്നും അദ്ദേഹം വീഡിയോയിലൂടെ പ്രതികരിച്ചു.




