അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍
കല്പറ്റ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച ‘ബ്രാൻഡ് വയനാട്’ പദ്ധതിയുടെ പ്രഖ്യാപന വേളയില്‍ വയനാട് ടൂറിസത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്ക് സഹായിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നല്കി വിദഗ്ധര്‍.
അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം തുടങ്ങിയ കാര്യങ്ങള്‍ ഈ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ടൂറിസം മേഖലയില്‍ നിക്ഷേപം വരുന്നത് വയനാടിന് പുറത്തു നിന്നാണ്. പ്രാദേശിക വികസനത്തിന്റെ സാധ്യതകള്‍ കൂടി പരിശോധിക്കണം. ഹോംസ്റ്റേകള്‍ക്ക് പകരം സര്‍വീസ് വില്ല സംസ്ക്കാരമാണ് വളര്‍ന്നു വരുന്നത്. ഇത്തരം ഡാറ്റ ഉള്‍പ്പെടുത്തിയുള്ള ആധികാരിക സര്‍വേ വേണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ജൈവവൈവിദ്ധ്യം ടൂറിസത്തില്‍ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ബയോഡൈവേഴ്സിറ്റി ലീഡ് സനീഷ് സി. എസ് പറഞ്ഞു.
ഹിമാലയത്തില്‍ പോലുമില്ലാത്ത ജൈവവൈവധ്യമാണിവിടെയുള്ളത്. വയനാടിന്റെ വായുവില്‍ പോലും ഔഷധഗുണമുണ്ട്. രാജ്യത്തെ ജൈവവൈവിധ്യത്തിന്റെ സമഗ്ര ദര്‍ശനമാണ് വയനാട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന്റെ ജൈവവൈവിധ്യം കര്‍ശനമായി പരിപാലിക്കാന്‍ ടൂറിസം വ്യവസായം പ്രതിജ്ഞാബദ്ധമാകണമെന്ന് ഡേവിഡ് രാജു പറഞ്ഞു. തോട്ടം മേഖലയുടെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ നയപരവും നിയമപരവുമായ പിന്തുണ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് പ്രശാന്ത് രാജേഷ് ചൂണ്ടിക്കാട്ടി.
വയനാടിന്റെ ഭാവി ഹോംസ്റ്റേകളിലാണെന്ന് രഘു നാരായണ സ്വാമി പറഞ്ഞു. ടൂറിസം പഠനത്തില്‍ നൈപുണ്യവികസനത്തിന് പ്രാധാന്യം ലഭിക്കാന്‍ അക്കാദമിക് രീതികള്‍ മാറ്റേണ്ടതുണ്ടെന്ന് സനൂപ് കുമാർ പി.വി പറഞ്ഞു.




