കാപ്പാ കേസിൽ ജയിൽ മോചിതനായ R സുഗതന് വൻ സ്വീകരണവുമായി BJP: ഒപ്പ് വ്യാജമല്ലെന്ന് സുഗതൻ, രാഷ്ട്രീയ ഗൂഢാലോചനയെന്ന് രാജീവ് ചന്ദ്രശേഖർ | R Sugathan
തിരുവനന്തപുരം: കാപ്പാ കേസിൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് ജയിൽ മോചിതനായ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതനെ പാർട്ടി സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി പങ്കെടുത്ത ‘വികസിത് ഭാരത സഭ’ ചടങ്ങിലെത്തിയ സുഗതനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്നാണ് സ്വീകരിച്ചത്.(R Sugathan, BJP Welcomes Released Councillor Rajeev Chandrasekhar Terms Arrest Political)
ചടങ്ങിൽ മുൻനിരയിൽ തന്നെയാണ് പാർട്ടി സുഗതന് ഇരിപ്പിടമൊരുക്കിയത്. സുഗതനെ ജയിലിലടച്ചത് പോലീസിന്റെ രാഷ്ട്രീയ നാടകമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. രാജി സന്നദ്ധതയിൽ നിന്ന് ആർ. ശ്രീലേഖ പിന്മാറിയതിന് പിന്നാലെ സുഗതൻ കൂടി ജയിൽ മോചിതനായതോടെ നഗരസഭയിലെ ഭരണപരമായ പ്രതിസന്ധികൾക്ക് പരിഹാരമായെന്ന ആശ്വാസത്തിലാണ് ബിജെപി നേതൃത്വം.
അതേസമയം, കൗൺസിലിലെ ഹാജർ പുസ്തകത്തിൽ വ്യാജ ഒപ്പിട്ടെന്ന ആരോപണത്തെ നിയമപരമായി നേരിടാനാണ് ബിജെപിയുടെ തീരുമാനം. ഹാജർ ബുക്കിൽ ഒപ്പിട്ടത് താൻ തന്നെയാണെന്നും, ഏത് ഫോറൻസിക് പരിശോധനയ്ക്കും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സത്യം വ്യക്തമാക്കുന്നതിനും താൻ തയ്യാറാണെന്നും സുഗതൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Story Summary
BJP welcomed Trivandrum Corporation Councillor R. Sugathan following his release from jail after the High Court quashed his KAAPA detention. State President Rajeev Chandrasekhar dubbed the arrest political, while Sugathan refuted LDF’s attendance register forgery allegations.




