ഭീകരവാദത്തിനും സംഘടിത കുറ്റകൃത്യങ്ങൾക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് കൈകോർത്ത് ഇന്ത്യയും ഇറ്റലിയും: അതിർത്തി കടന്നുള്ള ഭീകരവാദത്തെയും ധനസഹായ ശൃംഖലകളെയും തകർക്കാൻ ന്യൂഡൽഹിയിൽ ഉന്നതതല ധാരണ; പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇരുരാജ്യങ്ങളും
ഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദവും സംഘടിത കുറ്റകൃത്യങ്ങളും സാമ്പത്തിക സഹായങ്ങളും തടയുന്നതില്‍ പരസ്പര സഹകരണം വിപുലമാക്കാന്‍ തീരുമാനവുമായി ഇന്ത്യയും ഇറ്റലിയും.
ന്യൂഡല്‍ഹിയില്‍ നടന്ന ഇരട്ട ഉന്നതതല യോഗങ്ങളിലാണ് വിവരശേഖരണം, ശേഷിവര്‍ദ്ധനവ്, പുതിയ സാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയല്‍ എന്നിവയില്‍ ഇരുരാജ്യങ്ങളും കൈകോര്‍ക്കാന്‍ ധാരണയായത്.
ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് ഓണ്‍ കൗണ്ടര്‍ ടെററിസം, പെര്‍മനന്റ് ടാസ്‌ക് ഫോഴ്സ് ഓണ്‍ കൗണ്ടറിംഗ് ഫിനാന്‍സിംഗ് ഓഫ് ടെററിസം എന്നിവയുടെ യോഗങ്ങളില്‍ വിദേശകാര്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി സുഹേല്‍ അജാസ് ഖാന്‍, ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പൗലോ മാരി എന്നിവര്‍ അധ്യക്ഷത വഹിച്ചു.
2025 ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തെ ഇരുരാജ്യങ്ങളും ശക്തമായി അപലപിക്കുകയും, എല്ലാത്തരം ഭീകരപ്രവര്‍ത്തനങ്ങളെയും ഒറ്റക്കെട്ടായി ചെറുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
2025 നവംബറില്‍ ജോഹന്നസ്ബര്‍ഗില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ തുടക്കം കുറിച്ച സംയുക്ത നയതന്ത്ര മുന്‍കൈയുടെ ഭാഗമായാണ് ഭീകരവാദത്തിന് ധനസഹായം ലഭിക്കുന്നത് തടയാനുള്ള സഹകരണം ശക്തമാക്കുന്നത്.




