Skip to content
November 19, 2026
⌕

വിദേശ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് വിലക്ക്: മൈക്രോസോഫ്റ്റ് അടക്കമുള്ള വൻകിട ഐടി കമ്പനികൾക്കെതിരെ US ഭരണകൂടം | US Government

October 9, 2026
Share this post to
US Government

വാഷിംഗ്ടൺ: എച്ച്-1ബി വിസ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് മൈക്രോസോഫ്റ്റ് അടക്കമുള്ള എട്ട് വൻകിട സാങ്കേതിക വിദ്യ കമ്പനികൾക്ക് വിലക്കേർപ്പെടുത്തി യുഎസ് ഭരണകൂടം. വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള (ഗ്രീൻ കാർഡ്) പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാം (PERM) അപേക്ഷകൾ ഇനി പ്രോസസ് ചെയ്യില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് തൊഴിൽ വകുപ്പ് സെക്രട്ടറി കീത്ത് സോണ്ടർലിംഗ് ഈ തീരുമാനം പ്രഖ്യാപിച്ചത്.(US Government Bars Microsoft And Major IT Firms From PERM Visa Process)

മൈക്രോസോഫ്റ്റിന് പുറമെ അടോബി (Adobe), കൊഗ്നിസന്റ് (Cognizant), ഇന്‍ഫോസിസ് (Infosys), ടാറ്റ (TCS), വിപ്രോ (Wipro), എച്ച്സിഎൽ (HCL), കേപ്ജെമിനി (Capgemini) എന്നീ കമ്പനികൾക്കാണ് വിലക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. സ്വദേശികളായ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കുകയാണെന്നും, അമേരിക്കൻ ഐടി കമ്പനികൾ വിസ മില്ലുകളായി മാറിയെന്നും വാൻസ് കുറ്റപ്പെടുത്തി. അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട് പകരം വിദേശത്തു നിന്നുള്ള കരാർ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആരോപണങ്ങൾ മൈക്രോസോഫ്റ്റ് തള്ളി. തങ്ങളുടെ സ്ഥാപനത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാരും അമേരിക്കക്കാരാണെന്നും, കഴിഞ്ഞ സാമ്പത്തിക വർഷം സമർപ്പിച്ച എച്ച്-1ബി വിസ അപേക്ഷകളിൽ 80 ശതമാനവും നിലവിലുള്ള ജീവനക്കാരുടേതായിരുന്നു എന്നും വിദേശ ജീവനക്കാർക്കും സ്വദേശികളുടെ അതേ വേതനം നൽകുന്നുണ്ടെന്നും വക്താവ് വിശദീകരിച്ചു.

Story Summary

The US government has barred Microsoft and seven other major tech firms from processing Permanent Labor Certification Program (PERM) applications for foreign workers under the H-1B visa scheme. US Vice President JD Vance accused these IT giants of committing visa fraud and replacing American workers with foreign labor, while Microsoft strongly refuted the claims stating its international staff receive equal pay.

Get more updates from Pudukad News on Google