Skip to content
November 19, 2026
⌕

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും വൻ തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരം നടത്തുന്ന അന്വേഷണത്തിൽ കൂടുതൽ നേതാക്കൾക്കും പ്രഹരമേക്കും. സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടിൽ കുരുക്ക് മുറുകിയതോടെ സിപിഎം കടുത്ത പ്രതിരോധത്തിൽ

October 9, 2026
Share this post to

കൊച്ചി: കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ഹൈക്കോടതിയുടെ കർശന ഉത്തരവ്. 

കേസ് രജിസ്റ്റർ ചെയ്യാതെ പ്രാഥമിക പരിശോധന മാത്രം നടത്തുന്നതിനെതിരെ പൊതുപ്രവർത്തകൻ അഡ്വ. കെ.എം. ഷാജഹാൻ നൽകിയ ഹർജി പൂർണ്ണമായി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ വിശദമായ അന്വേഷണത്തിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. 

ഇതിന്റെ തുടർച്ചയായി പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് വ്യക്തമാക്കി ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് സമഗ്ര റിപ്പോർട്ട് കൈമാറിയിരുന്നു. 

എന്നാൽ ഇതിന്മേൽ നേരിട്ട് കേസെടുക്കാൻ തയ്യാറാകാതെ, ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തിന് മാത്രം ഉത്തരവിട്ട് നടപടികൾ ഇഴച്ചുനീക്കാനായിരുന്നു ഡി.ജി.പിയുടെ നീക്കം.

പോലീസിന്റെയും സർക്കാരിന്റെയും ഈ നടപടിയെ നിയമപരമായി ചോദ്യം ചെയ്തുകൊണ്ടാണ് അഡ്വ. കെ.എം. ഷാജഹാൻ ഹൈക്കോടതിയെ സമീപിച്ചത്.

ഗുരുതരമായ അഴിമതി ആരോപണങ്ങളും തെളിവുകളുമുള്ള ഇ.ഡി റിപ്പോർട്ട് നിലനിൽക്കെ പ്രാഥമികാന്വേഷണം എന്ന പേരിൽ എഫ്.ഐ.ആർ ഇടുന്നത് വൈകിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇപ്പോൾ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടിരിക്കുന്നത്. 

കോടതിയുടെ ഈ ഉത്തരവോടെ പിണറായി വിജയനും കുടുംബത്തിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യപ്പെടും. ഇത് സംസ്ഥാന സർക്കാരിനും സി.പി.എം നേതൃത്വത്തിനും കനത്ത രാഷ്ട്രീയ പ്രഹരമായി മാറിയിരിക്കുകയാണ്.

Get more updates from Pudukad News on Google