തമിഴ്നാട്ടിൽ ഡി.എം.കെയെ പിന്നിലാക്കി ടി.വി.കെയും എ.ഐ.എ.ഡി.എം.കെയും ഒപ്പത്തിനൊപ്പം. ബംഗാളിലും പുതുച്ചേരിയിലും എൻ.ഡി.എ മുന്നേറ്റം. മധുരാന്തകത്ത് ടി.വി.കെയും ധാരാപുരത്ത് എ.ഐ.എ.ഡി.എം.കെയും ലീഡ് ചെയ്യുന്നു. ഉപതെരഞ്ഞെടുപ്പുകളിൽ ഇന്ത്യാ മുന്നണിക്ക് തിരിച്ചടി
ചെന്നൈ: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ-ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ തമിഴ്നാട്ടിൽ ഡി.എം.കെയെ സ്തംഭ്ധിപ്പിച്ച് വിജയ്യുടെ തമിഴക വെട്രി കഴകവും (ടി.വി.കെ) പ്രധാന പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും ഒപ്പത്തിനൊപ്പം മുന്നേറുന്നു.
തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, പ്രാരംഭ ഘട്ടത്തിൽ തന്നെ എൻ.ഡി.എ സഖ്യവും ടി.വി.കെയും വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്.
തമിഴ്നാട്ടിൽ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും ഡി.എം.കെ സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന അപ്രതീക്ഷിത ചിത്രമാണ് കാണുന്നത്. മധുരാന്തകം മണ്ഡലത്തിൽ ടി.വി.കെ സ്ഥാനാർത്ഥി കെ. മരഗതം കുമാരവേൽ വ്യക്തമായ ലീഡോടെ മുന്നേറുകയാണ്. ഇവിടെ ഡി.എം.കെയുടെ പരന്തമെൻ രണ്ടാം സ്ഥാനത്തും എ.ഐ.എ.ഡി.എം.കെയുടെ കനിതാസമ്പത്ത് മൂന്നാം സ്ഥാനത്തുമാണ്.
എന്നാൽ ധാരാപുരം മണ്ഡലത്തിൽ എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി കെ. ഭാനുമതി ടി.വി.കെയുടെ പി. സത്യഭാമയേക്കാൾ 5,573 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുന്നു. ഡി.എം.കെ സ്ഥാനാർത്ഥി എസ്. സുകന്യ ഇവിടെ മൂന്നാമതാണ്.
പശ്ചിമ ബംഗാളിലെ റെജിനഗർ, നന്ദിഗ്രാം സീറ്റുകളിലും, പുതുച്ചേരിയിലെ തട്ടഞ്ചാവടി മണ്ഡലത്തിലും എൻ.ഡി.എ മുന്നണി വ്യക്തമായ ലീഡ് നിലനിർത്തുന്നുണ്ട്. അസമിലെ നഗോൺ ലോക്സഭാ മണ്ഡലത്തിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണത്തിൽ തന്നെ ഡി.എം.കെയെ ഞെട്ടിച്ചുകൊണ്ട് ടി.വി.കെ കാഴ്ചവെക്കുന്ന ഈ വൻ മുന്നേറ്റം തമിഴക രാഷ്ട്രീയത്തിൽ വലിയ ശക്തിയാകുന്നതിന്റെ സൂചനയാണ്.




