ഇറാന്റെ എണ്ണവ്യാപാരം; മുംബൈയിലെ രണ്ട് കമ്പനികൾക്കും അഞ്ച് ഇന്ത്യക്കാർക്കും യുഎസ് ഉപരോധം | Mumbai firms sanctioned by US
വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് മുംബൈ ആസ്ഥാനമായ രണ്ട് കമ്പനികൾക്കും അവയുമായി ബന്ധപ്പെട്ട അഞ്ച് ഇന്ത്യക്കാർക്കും യുഎസ് ഉപരോധം ഏർപ്പെടുത്തി. എസ്എസ്പിഎൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, സമുദ്ര മറൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്കെതിരെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നടപടി സ്വീകരിച്ചത്. ( Mumbai firms sanctioned by US)
എസ്എസ്പിഎൽ സൊല്യൂഷൻസുമായി ബന്ധപ്പെട്ട ധ്വനി വോറ, നിസർഗ് വോറ എന്നിവരും സമുദ്ര മറൈൻ സർവീസസുമായി ബന്ധപ്പെട്ട കേതൻ കോച്ചിക്കർ, ഭൂപേന്ദ്രസിങ് സാഹു, ഹരിശ്യാം ഹരിഹരൻ ചുണ്ടക്കാട്ടിൽ എന്നിവരുമാണ് ഉപരോധം നേരിടുന്ന ഇന്ത്യക്കാർ. ഇവർക്ക് ബന്ധപ്പെട്ട കമ്പനികളുമായി ഇടപാടുകൾ നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി യുഎസ് അധികൃതർ അറിയിച്ചു. ഇറാനിൽ നിന്നുള്ള എണ്ണ, പെട്രോളിയം ഉൽപ്പന്നങ്ങൾ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വ്യാപാരവുമായി ബന്ധപ്പെട്ട് പത്ത് സ്ഥാപനങ്ങൾക്കും ആറ് വ്യക്തികൾക്കും അഞ്ച് കപ്പലുകൾക്കുമെതിരെ നടപടി സ്വീകരിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിലേക്ക് ദശലക്ഷക്കണക്കിന് ഡോളർ എത്തിക്കുന്നതിൽ ഈ സ്ഥാപനങ്ങൾ പങ്കുവഹിച്ചുവെന്നും അതുവഴി ഇറാന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നിനെ ശക്തിപ്പെടുത്തിയെന്നുമാണ് യുഎസിന്റെ ആരോപണം.
ഇറാനെതിരായ യുഎസ് സമ്മർദനടപടികളുടെ ഭാഗമായ ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ പദ്ധതിയിലാണ് നടപടി. ഇറാന്റെ എണ്ണവ്യാപാരത്തിന് പണം നൽകുന്നവരെയും ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെയും ലക്ഷ്യമിടുന്നതാണ് നടപടിയെന്ന് യുഎസ് അധികൃതർ പറഞ്ഞു. നിലവിലുള്ള ചില ഇടപാടുകൾ അവസാനിപ്പിക്കുന്നതിനായി സമുദ്ര മറൈൻ സർവീസസിന് ഒക്ടോബർ 23 വരെ പരിമിതമായ അനുമതിയും നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഇറാന്റെ വരുമാനമാർഗങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ യുഎസ് ട്രഷറി വകുപ്പ് 17 സ്ഥാപനങ്ങൾക്കും അവയുമായി ബന്ധപ്പെട്ട ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകൾക്കുമെതിരെയും ഉപരോധം പ്രഖ്യാപിച്ചു. മേഖലയിലെ യുദ്ധപ്രവർത്തനങ്ങൾക്ക് ഇറാൻ ഉപയോഗിക്കുന്ന പണം തടയുകയാണ് ലക്ഷ്യമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി. ഉപരോധം മറികടക്കാൻ സഹായിക്കുന്നവർക്കെതിരെയും നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Summary: The United States has imposed sanctions on two Mumbai-based companies and five Indian nationals over alleged involvement in Iranian petroleum trade. The action is part of Washington’s broader campaign to restrict Iran’s oil revenues and target entities accused of helping the country evade sanctions.




