റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി മിസൈൽ-ഡ്രോൺ ആക്രമണം; മൂന്ന് മരണം. 36 പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കുനേരെ യമനിലെ ഹൂതി മിലിഷ്യ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങൾക്ക് പിന്നാലെ സുരക്ഷ ശക്തമാക്കി. റിയാദിലെ നിരവധി ബഹുരാഷ്ട്ര സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടതായാണ് വിവരം.
സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന അസീര്‍ പ്രവിശ്യയിലെ അബഹ വിമാനത്താവളത്തിലുമാണ് ഹൂതി ആക്രമണമുണ്ടായത്. ആക്രമണങ്ങളില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. 36 പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു.
അബഹ വിമാനത്താവളത്തില്‍ മൊറോക്കോ, അൾജീരിയ സ്വദേശികളായ രണ്ടു വനിതകളാണ് കൊല്ലപ്പെട്ടത്. ഇവിടെ 28 പേര്‍ക്ക് പരിക്കേറ്റു. റിയാദിലെ വിമാനത്താവളത്തില്‍ ഒരു സുഡാന് പൗരന് കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഹൂതി സൈനിക വക്താവ് യഹിയ സരീ പറഞ്ഞു. 24 മണിക്കൂറിനിടെ സൗദി സഖ്യസേന യമനില്‍ നടത്തിയ 60 വ്യോമാക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണിതെന്നും സരീ പറഞ്ഞു.




