ഡൽഹിയിലെ ജനാധിപത്യ സമരത്തെ അടിച്ചമർത്തുന്ന നടപടി പ്രതിഷേധാർഹം – കല കുവൈറ്റ്

Current: മലയാളം

കുവൈറ്റ് സിറ്റി: ഡൽഹിയിൽ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുകയും മുതിർന്ന നേതാക്കളെയും ജനപ്രതിനിധികളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ കല കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഭരണകൂടത്തിന്റെ അധികാരമുപയോഗിച്ച് അടിച്ചമർത്തുന്നത് ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്.
സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി എം.എ ബേബി, മുതിര്‍ന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റർ, എ വിജയരാഘവന്‍, മുതിർന്ന നേതാക്കൾ, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മഹിളാ, വിദ്യാർഥി, യുവജന സംഘടനാ നേതാക്കൾ, എം.പിമാർ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്ത നടപടി പ്രതിഷേധാർഹമാണ്.
പ്രതിഷേധക്കാരെ തടയുന്നതിനായി യാത്രാസൗകര്യങ്ങൾ നിയന്ത്രിക്കുകയും വിവിധ ഗതാഗത സംവിധാനങ്ങളെ ബാധിക്കുകയും ചെയ്യുന്നത് പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്.
വോട്ടർപട്ടികയിലെ ക്രമക്കേടുകളും വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളും ഉയർത്തുന്ന ചോദ്യങ്ങൾക്ക് സുതാര്യമായ മറുപടി നൽകേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണ്.
ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ പ്രവാസി സമൂഹമുൾപ്പെടെ ജനാധിപത്യവിശ്വാസികൾ ശക്തമായി പ്രതികരിക്കണമെന്ന് കല കുവൈത്ത് അഭ്യർഥിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും കല കുവൈത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.






