മാസപ്പടി കേസിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരെ വിജിലൻസ് എഫ്.ഐ.ആറിൽ ഗുരുതര ആരോപണങ്ങൾ. കള്ളപ്പണം വിദേശത്തേക്ക് കടത്തിയത് ഗാർമൻറ് എക്സ്പോർട്ട് ബിസിനസിന്റെ മറവിൽ. പണമിടപാടുകൾ ഏകോപിപ്പിക്കാൻ നാട്ടിൽ ‘നമ്മൾ ബേപ്പൂർ’ വാട്സാപ്പ് ഗ്രൂപ്പും സജ്ജമാക്കി. റിയാസിന്റെ കണക്കപ്പിള്ളമാരായ സുഹൃത്തുക്കളും പ്രതിപ്പട്ടികയിലുണ്ട്. ഡി.ടി.പി.സി മാനേജറുടെ വ്യാജ സിം ഉപയോഗിച്ചെന്നും എഫ്.ഐ.ആർ. കുരുക്കായത് ഇ.ഡി അന്ന് കണ്ടെടുത്ത ആ ഡയറിക്കുറിപ്പുകൾ തന്നെ

Current: മലയാളം

തിരുവനന്തപുരം: മാസപ്പടി കേസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിനും ഭാര്യ വീണാ തൈക്കണ്ടിയ്ക്കും എതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ഗുരുതരമായ പരാമർശങ്ങൾ.
അനധികൃതമായി സമ്പാദിച്ച പണം റിയാസ് വിദേശത്തേക്ക് കടത്തിയെന്നും വിദേശത്ത് ആസ്തി ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ VC.7/2026/SIU-I -ലെ ആരോപണം.
വിദേശത്തേക്ക് പണം അയച്ചെന്ന് വ്യക്തമാക്കുന്ന ഡയറിക്കുറിപ്പുകൾ ഇ.ഡിയുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഗാർമൻറ് എക്സ്പോർട്ട് ബിസിനസിന്റെ പേരിൽ പണം കടത്തി. കള്ളപ്പണം വെളുപ്പിക്കാനുള്ള ഷെൽ കമ്പനി നീക്കം ആയിരുന്നു ഇത്.
റിയാസിന്റെയും വീണയുടെയും വിദേശ യാത്രകളിൽ ദുരൂഹത സംശയിക്കുന്നു. കള്ളപ്പണം വെളുപ്പിക്കാൻ സുഹൃത്തുക്കളുമായി ചേർന്നുളള ഗൂഢസംഘം പ്രവർത്തിച്ചിരുന്നു. മന്ത്രിയായിരുന്ന കാലത്തെ മുഹമ്മദ് റിയാസിന്റെ ഓഫീസും സംശയ നിഴലിലെന്നും വിജിലൻസ് എഫ്.ഐ.ആറിൽ പറയുന്നുണ്ട്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അഴിമതിയിലൂടെ വൻതുക സമ്പാദിക്കുകയും വിദേശത്ത് ബെനാമി കമ്പനികളിലൂടെയും ഹവാല ശൃംഖലകളിലൂടെയും പണം കടത്തി സ്വത്തുക്കൾ സമ്പാദിക്കുകയും ചെയ്തുവെന്ന ആരോപണത്തിലാണ് മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ഭാര്യ വീണ തൈക്കണ്ടിയിലിനുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്.
വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് I (SIU-I) ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഈ കേസിൽ മുൻ മന്ത്രി മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും ഭാര്യ വീണ തൈക്കണ്ടയിൽ രണ്ടാം പ്രതിയുമാണ്.
കൂടാതെ ഇവരുടെ സുഹൃത്തുക്കളും ഇടനിലക്കാരുമായ 6 പേരെയും മറ്റ് കണ്ടാലറിയാവുന്ന ആളുകളെയും പ്രതി ചേർത്തിട്ടുണ്ട്. റിയാസിനെയും വീണയേയും കൂടാതെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.നിഖിൽ,
റിയാസിൻെറ സുഹൃത്തുക്കളായ ഷൈജൽ, ഹസൻ വാരിസ്,ഫൈജാസ് വി.പി , കോഴിക്കോട് ഡി.ടി.പി.സി ഡെസ്റ്റിനേഷൻ മാനേജർ എം.നന്ദുലാൽ, സൂബൈർ കരുവമ്പൊയിൽ എന്നിവരാണ് പ്രതിപ്പട്ടികയിലുളളത്.
ഇതിൽ സൂബൈർ ഹവാല ഏജൻറ് ആണെന്നാണ് ആക്ഷേപം.അഴിമതി നിരോധന നിയമത്തിലെ 13(2), 13(1)(b) വകുപ്പുകളും ഭാരതീയ ന്യായ സംഹിതയിലെ 61(2) , 3(5) വകുപ്പുകളുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മേയ് 27-ന് വീണയുടെ വസതിയിൽ ഇഡി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡയറിക്കുറിപ്പുകൾ ആണ് പ്രധാന തെളിവായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
മന്ത്രി റിയാസിൻെറ അനധികൃത പണമിടപാടുകളുടെ കണക്കുകൾ സൂക്ഷിച്ചിരുന്നത് വീണയാണെന്നും 3 മുതൽ 5 വരെയുളള പ്രതികളുടെ പേരുകളിൽ കോടികളുടെ ബിസിനസ്സ് നിക്ഷേപ നിർദേശങ്ങൾ സമാഹരിച്ചിരുന്നതായും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
റിയാസും വീണയും മൂന്നാം പ്രതി ഷൈജൽ, അഞ്ചാം പ്രതി ഫൈജാസ് വി.പി , ആറാം പ്രതി ഹസൻ വാരിസ് എന്നിവരുമായി ചേർന്ന് ദൂബൈയിൽ ‘M/s Merak Prime’ എന്ന പേരിൽ ഗാർമെന്റ്സ് എക്സ്പോർട്ട് ബിസിനസ് ആരംഭിക്കാൻ പദ്ധതിയിട്ടു.
അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കുന്നതിനായി ഹസൻ വാരിസിനെ മുന്നിൽ നിർത്തി ബെനാമി ഷെൽ കമ്പനി സ്ഥാപിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും എഫ്.ഐ.ആറിൽ പരാമർശമുണ്ട്. 2024-ൽ വീണ തൈക്കണ്ടയിൽ നാലുതവണ ദുബായിലേക്ക് യാത്ര ചെയ്തു.
2024 മേയ് 3 മുതൽ മേയ് 19 വരെയുള്ള യാത്രയിൽ മുഹമ്മദ് റിയാസും ഒപ്പമുണ്ടായിരുന്നു. തിരിച്ചറിയൽ വിവരങ്ങൾ മറച്ചുവെക്കുന്നതിന് ഡി.ടി.പി.സി മാനേജരായ നന്ദുലാൽ എം -ന്റെ പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡാണ് മന്ത്രി ഉപയോഗിച്ചിരുന്നത്.
മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം വാരിസ് തനിക്ക് ലഭിച്ച തുക ഹവാല ഏജന്റായ സുബൈർ വഴി 1.20 കോടി രൂപ അഞ്ച് ഘട്ടങ്ങളിലായി യു.എ.ഇയിലുള്ള ഫൈജാസ് വി.പിക്ക് കൈമാറി. കൂടാതെ 85 ലക്ഷം രൂപ ഇന്ത്യൻ കറൻസി ദിർഹമാക്കി മാറ്റിയതിന്റെയും വിദേശ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതിന്റെയും രേഖകൾ ലഭിച്ചിട്ടുണ്ട്.
ഇടപാടുകൾ ഏകോപിപ്പിക്കുന്നതിനായി “Nammal Beypore core Team” എന്ന പേരിൽ 16 അംഗങ്ങളുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
വ്യക്തമായ വരുമാനസ്രോതസ്സില്ലാതെ ഔദ്യോഗിക വസതിയിൽ താമസിച്ച് മന്ത്രിയുടെ അനധികൃത പണമിടപാടുകൾ കൈകാര്യം ചെയ്തതിലും ഗൂഢാലോചന നടത്താനും വിദേശത്ത് അസറ്റുകൾ ഉണ്ടാക്കാനും സഹായിച്ചതിലുമാണ് വീണ തൈക്കണ്ടയിലിനെ പ്രതി ചേർത്തിരിക്കുന്നത്.
വിജിലൻസ് സൂപ്രണ്ട് ഓഫ് പോലീസ് ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. കേസിന്റെ സർട്ടിഫൈഡ് പകർപ്പുകളും രേഖകളും തിരുവനന്തപുരം വിജിലൻസ് കോടതിക്ക് കൈമാറി.






