സമ്പന്ന രാജ്യങ്ങളിലെ ദരിദ്രരായ 10 ശതമാനക്കാർക്കും ഇന്ത്യയിലെ സമ്പന്നരേക്കാൾ ഉയർന്ന വരുമാനം; ലോകബാങ്ക് റിപ്പോർട്ട് | World Bank India income inequality report

Current: മലയാളം

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതമാനം ആളുകളേക്കാൾ ഉയർന്ന വരുമാനനിലവാരത്തിലാണ് സമ്പന്ന രാജ്യങ്ങളിലെ ഏറ്റവും താഴെയുള്ള 10 ശതമാനം ആളുകളെന്ന് ലോകബാങ്കിന്റെ കണക്കുകൾ. വരുമാനത്തിലും ജീവിതനിലവാരത്തിലുമുള്ള വലിയ അന്തരം വ്യക്തമാക്കുന്നതാണ് ലോകബാങ്കിന്റെ 2026ലെ ദാരിദ്ര്യ-അസമത്വ പ്ലാറ്റ്‌ഫോമിലെ കണക്കുകൾ. ഇന്ത്യയിൽ ദാരിദ്ര്യം കുറയ്ക്കുന്നതിനൊപ്പം സമ്പദ്‌വ്യവസ്ഥയിലുടനീളം വരുമാനവും ഉൽപ്പാദനക്ഷമതയും ഉയർത്തേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. (World Bank India income inequality report)
കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും താഴെയുള്ള 10 ശതമാനം ആളുകളുടെ പ്രതിദിന വരുമാനമോ ഉപഭോഗമോ കണക്കാക്കുന്ന പരിധി ഏകദേശം മൂന്ന് ഡോളറാണ്. അമേരിക്കയിൽ ഇത് 25 ഡോളറും കാനഡയിൽ 31 ഡോളറുമാണ്. ജർമനിയിലും ഓസ്‌ട്രേലിയയിലും 28 ഡോളർ വീതമാണ് ഈ പരിധി. അതേസമയം, ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതമാനം ആളുകളുടെ പ്രതിദിന വരുമാനമോ ഉപഭോഗമോ ഏകദേശം 10 ഡോളറിലാണ് തുടങ്ങുന്നത്. അമേരിക്കയിൽ ഇത് 173 ഡോളറും കാനഡയിലും ഓസ്‌ട്രേലിയയിലും 129 ഡോളറും ജർമനിയിൽ 128 ഡോളറുമാണ്.
ഇന്ത്യയിലെ വരുമാനനിലവാരം സംബന്ധിച്ച് സാമ്പത്തിക സർവേയും ശ്രദ്ധേയമായ കണക്ക് മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രതിമാസം 80,000 രൂപ വരുമാനമുള്ള ഒരാൾ ഇന്ത്യയിലെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന 10 ശതമാനം വിഭാഗത്തിൽ ഉൾപ്പെടുമെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. സമ്പന്ന രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരുടെ നിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഉയർന്ന വരുമാനക്കാർക്കുപോലും ജീവിതനിലവാരത്തിൽ വലിയ അന്തരമുണ്ടാകാമെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഫൗണ്ടേഷൻ ഫോർ ഇക്കണോമിക് ഡെവലപ്‌മെന്റിലെ പ്രോഗ്രാം അസോസിയേറ്റ് അഹോന ദത്തഗുപ്തയുടെ അഭിപ്രായത്തിൽ, ഇന്ത്യ നേരിടുന്ന വെല്ലുവിളി ദാരിദ്ര്യം മാത്രമല്ല, സമ്പദ്‌വ്യവസ്ഥയിലുടനീളമുള്ള കുറഞ്ഞ വരുമാനവുമാണ്. ദരിദ്രരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നത് അനിവാര്യമാണെങ്കിലും, നിലവിൽ രാജ്യത്തെ ഉയർന്ന വരുമാനക്കാരുടെ നിലവാരത്തിലേക്ക് എല്ലാവരും എത്തുന്നതുകൊണ്ടുമാത്രം ഇന്ത്യ സമ്പന്നരാജ്യങ്ങളുടെ നിലവാരത്തിലെത്തില്ല. ജനസംഖ്യയിലുടനീളം വരുമാനം ഉയരേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇതിനായി ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയാണ് പ്രധാനമെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ഒരേ അളവിലുള്ള തൊഴിൽ, ഭൂമി, മൂലധനം എന്നിവ ഉപയോഗിച്ച് കൂടുതൽ ഉൽപ്പാദനം നടത്താൻ കഴിയുന്നത് ഉയർന്ന വേതനത്തിനും മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കും വഴിയൊരുക്കും. പുതിയ ആശയങ്ങൾ പരീക്ഷിക്കാനും വിജയകരമായ സംരംഭങ്ങൾ വികസിപ്പിക്കാനും ബിസിനസുകൾക്ക് അനുകൂലമായ സാഹചര്യം വേണം. നികുതി വ്യവസ്ഥയിൽ സ്ഥിരത ഉറപ്പാക്കുക, അനാവശ്യ നടപടിക്രമങ്ങൾ കുറയ്ക്കുക, കരാറുകൾ വേഗത്തിൽ നടപ്പാക്കുക, വ്യവസായ ക്ലസ്റ്ററുകൾ വികസിപ്പിക്കുക തുടങ്ങിയ പരിഷ്‌കാരങ്ങളും ഇതിന് ആവശ്യമാണ്. ചെറുകിട നിയമലംഘനങ്ങളിൽ ചിലത് കുറ്റകരമല്ലാതാക്കുന്നതും നടപടിക്രമങ്ങൾ ലളിതമാക്കുന്നതും ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ ഇന്ത്യ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. എന്നാൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇന്ത്യൻ സംരംഭങ്ങൾക്ക് ആഗോളതലത്തിൽ മത്സരിക്കാനും കഴിയുന്ന സാഹചര്യം ഒരുക്കാൻ കൂടുതൽ നടപടികൾ വേണമെന്നാണ് വിലയിരുത്തൽ. വരുമാനത്തിലെ അന്തരം കുറയ്ക്കുന്നതിന് പുറമേ, സമൂഹത്തിലുടനീളം വരുമാനവും ഉൽപ്പാദനക്ഷമതയും ഉയർത്തുമ്പോഴാണ് ദീർഘകാല സമൃദ്ധി കൈവരിക്കാനാകുക എന്നതാണ് റിപ്പോർട്ടിന്റെ പ്രധാന നിരീക്ഷണം.
Summary: The World Bank’s 2026 Poverty and Inequality Platform shows a significant gap between income or consumption thresholds in India and several advanced economies. The findings underline the need for India to raise incomes and productivity across the population through better-paying jobs, business growth and regulatory reforms.






