ബംഗളൂരുവിൽ ഊബർ ടാക്സിയുടെ മറവിൽ എംഡിഎംഎ വിൽപ്പന; സംഘത്തിലെ പ്രധാന പ്രതി മുഹമ്മദ് അനസ് പിടിയിൽ

Current: മലയാളം

ബംഗളൂരുവിൽ ഊബർ ടാക്സിയുടെ മറവിൽ എംഡിഎംഎ വിൽപ്പന; സംഘത്തിലെ പ്രധാന പ്രതി മുഹമ്മദ് അനസ് പിടിയിൽ
പത്തനംതിട്ട: ബംഗളൂരുവിൽ ഊബർ ടാക്സിയുടെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. തിരുവനന്തപുരം കാട്ടാക്കട സ്വദേശി മുഹമ്മദ് അനസ് (29) ആണ് പിടിയിലായത്.
പന്തളം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശി സാമുവൽ ക്ലബ്സൻ വോക്കാഫോർ എന്നയാളെ കുറച്ചു ദിവസം മുമ്പ് പന്തളം പൊലിസ് ഡൽഹിയിൽ നിന്നും പിടികൂടിയിരുന്നു. ഇയാളുമായി അടുപ്പമുള്ളയാളാണ് അനസെന്ന് പൊലിസ് പറയുന്നു.
സാമുവൽ ക്ലബ്സൻ വോക്കാഫോർ ഉൾപ്പെടെ നാല് പേർ പിടിയിലായതോടെ അനസ് ആദ്യം ഡൽഹിയിലേക്കും തുടർന്ന് മണാലിയിലേക്കും കടന്നു. അടുത്തിടെ മടങ്ങിയെത്തിയ ശേഷം വർക്കലയിൽ ഒളിവിൽ കഴിയുകയായിരുന്നു. സിം കാർഡുകളും മൊബൈൽ ഫോണുകളും ഉപേക്ഷിച്ച പ്രതി ഒരിക്കലും പിടിയിലാവുകയില്ലന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു.
പ്രതി വർക്കലയിലുള്ളതായി രഹസ്യ വിവരം ലഭിച്ച പൊലിസ് അവിടെയെത്തി അതിസാഹസികമായി പിടികൂടുകയായിരുന്നു. അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പന്തളം സർക്കിൾ ഇൻസ്പെക്ടർ സി ബാബു കുറുപ്പ്, എസ്ഐ എബിൻ പ്രസാദ്, എഎസ്ഐ മാരായ ബി. ഷൈൻ, സുരേഷ് കുമാർ, സിവിൽ പൊലിസ് ഓഫീസർമാരായ എസ്. അൻവർഷ, എസ്. ഷൈൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.






