ജർമനിയിൽ കെട്ടിടത്തിന് തീപ്പിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. മരിച്ചത് ഇടുക്കി, കൊല്ലം, കാലടി സ്വദേശികൾ. 5 പേർക്ക് പരിക്ക്. ഫ്ലാറ്റിന് തീയിട്ടതെന്ന് സംശയം. റൊമാനിയൻ പൗരൻ കസ്റ്റഡിയിൽ

Current: മലയാളം

ബർലിൻ: ജർമനിയിലിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ഇടുക്കി ശാന്തിഗ്രാം സ്വദേശി സാബുവിന്റെ മകൾ നോവ സാബു (23), കൊല്ലം ചാമക്കാട് സ്വദേശിനി അഞ്ജലി ജോയ് (27), കാലടി സ്വദേശി സിവിൻ ജോണി (26) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റു. നാട്ടിൽ ജിമ്മിൽ ട്രെയിനറായിരുന്ന നോവ ആറു മാസം മുമ്പാണ് ജിം ട്രെയിനറായി ജർമനിയിൽ ജോലിക്ക് പോയത്.
ജർമൻ നഗരമായ ബോചുമിലെ റസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടിച്ചത്. പരിക്കേറ്റ മറ്റ് അഞ്ച് പേർ പുക ശ്വസിച്ചതിനെ തുടർന്ന് ബോചുമിലെ ആശുപത്രികളിൽ ചികിത്സയിലാണ്. കൊലപാതക സംശയത്തെ തുടർന്ന് ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 കാരനായ റൊമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു.
തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. തീപിടിത്തം പടർന്ന് പടികൾക്ക് മുകളിലേക്ക് വ്യാപിച്ചതിനാൽ അഗ്നിശമന സേനാംഗങ്ങൾക്ക് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. ഇത് രക്ഷാ പ്രവർത്തനം ദുഷ്കരമാക്കി.






