പ്രാർത്ഥനയാൽ സർവ്വവും സാധ്യം : പരിശുദ്ധ കാതോലിക്കാ ബാവാ; മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണ വാർഷികം ആഘോഷിച്ചു

Current: മലയാളം

ചിത്രം : മലങ്കര മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിന്റെ അഞ്ചാം വാർഷികദിനത്തിൽ പരുമല സെമിനാരിയിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സംസാരിക്കുന്നു.
റോണി വർഗീസ് ഏബ്രഹാം, ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, അഡ്വ.ബിജു ഉമ്മൻ, യാക്കോബ് തോമസ് റമ്പാൻ എന്നിവർ സമീപം.
പരുമല / കോട്ടയം : ദൈവീക കൃപയും പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതയുമാണ് സഭാനേതൃപദവിയിൽ വഴിനടത്തുന്നതെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
മലങ്കര മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിന്റെ അഞ്ചാം വാർഷികദിനത്തിൽ പരുമലയിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബാവാ. വിശുദ്ധ കുർബാനയിൽ നിരവധി പേർ തനിക്കായി പ്രാർത്ഥിക്കുന്നു. എല്ലാ പ്രതിസന്ധികളിലും ആ പ്രാർത്ഥനയാണ് ബലം.
സഹോദര മെത്രാപ്പോലീത്താമാരിൽ നിന്നും, സഭാ സ്ഥാനികളിൽ നിന്നും, സമിതികളിൽ നിന്നും, വിശ്വാസികളിൽ നിന്നും കിട്ടുന്ന പിന്തുണയാണ് കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ ഊർജമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
2021 ഒക്ടോബർ 14ന് പരുമലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് അദ്ദേഹത്തെ സഭാധ്യക്ഷപദവിയിലേക്ക് തിരഞ്ഞെടുത്തത്. സ്ഥാനാരോഹണ വാർഷിക ദിനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ പരുമല സെമിനാരിയിൽ വിശുദ്ധ കുർബാനയർപ്പിച്ചു.
പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ,
അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ വെരി. റവ.യാക്കോബ് തോമസ് റമ്പാൻ, പരുമല ആശുപത്രി സി.ഇ.ഒ. ഫാ. എം.സി പൗലോസ്, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ ഏബ്രഹാം,
സഭാ വർക്കിംഗ് കമ്മിറ്റി അംഗം ജേക്കബ് മാത്യു ദുബായ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ പരുമല കൗൺസിൽ അംഗങ്ങൾ, വൈദികർ ,വിശ്വാസികൾ തുടങ്ങിയവർ ആശംസകൾ നേർന്നു. പരുമല സെമിനാരിയിലെ നവീകരിച്ച എ.സി ഓഡിറ്റോറിയത്തിന്റെ കൂദാശ പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിച്ചു.
കാലത്തിന്റെ കാതോലിക്കാശബ്ദം ഇന്ന് പ്രകാശനം ചെയ്യും.
കോട്ടയം : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പൗരസ്ത്യ കാതോലിക്കാ സ്ഥാനാരോഹണ വാർഷികം ഇന്ന്. 2021 ഒക്ടോബർ 15ന് പരുമലയിൽ വെച്ചാണ് അദ്ദേഹത്തെ കിഴക്കിന്റെ കാതോലിക്കായായി വാഴിച്ചത്.
സ്ഥാനാരോഹണ വാർഷികദിനത്തിൽ രാവിലെ 7 -ന് മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ബാവാ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് മലങ്കരസഭാധ്യക്ഷന്റെ സാമൂഹിക പ്രതികരണങ്ങൾ കോർത്തിണക്കി ഫാ.ബിജു പി തോമസ് എഡിറ്റ് ചെയ്ത കാലത്തിന്റെ കാതോലിക്കാ ശബ്ദം എന്ന പുസ്തകം പ്രകാശനം ചെയ്യും.
സിറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനകർമ്മം നിർവഹിക്കും. മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് ആദ്യകോപ്പി ഏറ്റുവാങ്ങും.
നിയുക്ത മെത്രാപ്പോലീത്താമാരായ വെരി.റവ.തോമസ് പോൾ റമ്പാൻ, ഫാ.ഷിബു വേണാട് മത്തായി, ഫാ.സാംജി റ്റി ജോർജ്, ഫാ. എൽദോസ് ഏലിയാസ്, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, അരമന മാനേജർ ഫാ.അലക്സാണ്ടർ പി ഡാനിയേൽ എന്നിവർ സംസാരിക്കും.






