വിമാനത്തിന്റെ ഘടന തകര്‍ന്നുവീണതെന്നാണ് ആദ്യം കരുതിയത്, ജീവനുവേണ്ടി അവസാന നിമിഷം വരെ പൊരുതിയ ആ പോരാട്ടമാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് പൈലറ്റ് സ്മിത് മച്ചാറിന്റെ വെളിപ്പെടുത്തല്‍

Current: മലയാളം

അബുദാബി: ഫ്‌ലൈദുബായ് വിമാനത്തില്‍ സഹപൈലറ്റില്‍ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണത്തെയും അതിജീവനത്തിനായി താന്‍ നടത്തിയ പോരാട്ടത്തെയും കുറിച്ച് ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍.
അബുദാബിയിലെ ആശുപത്രി കിടക്കയില്‍ നിന്ന് ‘ദി നാഷണല്‍’ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആ ഭീകര നിമിഷങ്ങള്‍ വെളിപ്പെടുത്തിയത്.
വിമാനത്തിന്റെ ഘടന തകര്‍ന്നുവീണതോ എന്തെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചതോ ആണെന്നാണ് ആദ്യ അടി കിട്ടിയപ്പോള്‍ താന്‍ കരുതിയതെന്നും, എന്നാല്‍ തുടര്‍ച്ചയായി പ്രഹരങ്ങള്‍ ഏറ്റപ്പോഴാണ് സഹപൈലറ്റാണ് തന്നെ ആക്രമിക്കുന്നതെന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.
പെട്ടെന്നുള്ള ആക്രമണത്തില്‍ കസേരയുടെ ബെല്‍റ്റ് അഴിച്ചുവെച്ച് സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും തുടര്‍ച്ചയായ മര്‍ദ്ദനത്തില്‍ കാഴ്ച മങ്ങുകയും തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
കമ്പ്യൂട്ടറില്‍ ഫ്‌ലൈറ്റ് വിവരങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം തുടങ്ങിയതെന്ന് സ്‌കൈ ന്യൂസ് അറേബ്യയ്ക്ക് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ അദ്ദേഹം ഓര്‍ത്തെടുത്തു.
ആക്രമണത്തിന് തൊട്ടുമുമ്പ് സഹപൈലറ്റ് തനിക്ക് പിന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. ഇടുങ്ങിയ കോക്ക്പിറ്റ് ആയതുകൊണ്ട് സഹപ്രവര്‍ത്തകന്റെ പ്രാര്‍ത്ഥനയെ മാനിച്ച് താന്‍ തിരിഞ്ഞുനോക്കിയിരുന്നില്ലെന്നും മച്ചാര്‍ വ്യക്തമാക്കി.






