യൂട്യൂബർ ധ്രുവ് രാഠിയെ പോലീസ് അറസ്റ്റ് ചെയ്തെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് നോയിഡ പോലീസ്: ജില്ലയിൽ വ്യാജ പ്രചാരണങ്ങളിലൂടെ പരിഭ്രാന്തി പരത്താനും ക്രമസമാധാനനില തകർക്കാനും ശ്രമിച്ച എക്സ് അക്കൗണ്ട് ഉടമകൾക്കെതിരെ ഭാരതീയ ന്യായ സംഹിതയും ഐ.ടി ആക്ടിലെ വിവിധ വകുപ്പുകളും പ്രകാരം കേസ്

Current: മലയാളം

നോയിഡ: പ്രശസ്ത യൂട്യൂബര്‍ ധ്രുവ് രാഠിയെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് എക്സ് അക്കൗണ്ട് ഉടമകള്ക്കതിരെയും മറ്റ് ചില അപരിചിതര്ക്കെതിരെയും നോയിഡ പോലീസ് കേസെടുത്തു.
ജില്ലയില്‍ പരിഭ്രാന്തി പരത്താനും ക്രമസമാധാനനില തകര്‍ക്കാനും ലക്ഷ്യമിട്ടാണ് ഈ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
സെക്ടര്‍ 39 പോലീസ് സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിതയിലെ 197 (ദേശീയ സമഗ്രതയ്ക്ക് ഹാനികരമായ പ്രസ്താവനകള്‍), 352 (പൊതുജനങ്ങളില്‍ ഭയവും ആശങ്കയും പരത്തുന്ന പ്രസ്താവനകള്‍) വകുപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ 67-ാം വകുപ്പും പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഒക്ടോബര്‍ 16-നാണ് സമാധാന അന്തരീക്ഷവും ക്രമസമാധാനനിലയും തകര്‍ക്കാന്‍ ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ശ്രമിച്ചതെന്ന് സബ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍ നല്കിയ പരാതിയില്‍ പറയുന്നു.
ധ്രുവ് രാഠിയെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തുവെന്നും യോഗി സര്‍ക്കാരില്‍ നിന്ന് യാതൊരു ദയയും പ്രതീക്ഷിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാണിക്കുന്ന വ്യാജ പോസ്റ്റുകളാണ് എക്സില്‍ പ്രചരിച്ചത്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും സര്‍ക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തെന്നുമാണ് വ്യാജ പ്രചാരണത്തില്‍ ആരോപിച്ചിരുന്നത്.
എന്നാല്‍ ധ്രുവ് രാഠിയെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും നോയിഡ പോലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഇത്തരം വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രചരിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വ്യക്തമാക്കിയ പോലീസ്, ഒക്ടോബര്‍ 16-ന് തന്നെ ഇക്കാര്യത്തില്‍ ഫാക്ട് ചെക്ക് നടത്തുകയും ചെയ്തിരുന്നു.
പൊതുജനങ്ങളില്‍ ഭയവും അമര്‍ഷവും സൃഷ്ടിച്ച് ഭരണകൂടത്തിനെതിരെ ജനങ്ങളെ പ്രകോപ്പിക്കാനും ക്രമസമാധാനം തകര്‍ക്കാനുമാണ് ഇത്തരം വ്യാജ പോസ്റ്റുകളിലൂടെ പ്രതികള്‍ ശ്രമിച്ചതെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.






