വിലക്കയറ്റവും ജീവിതച്ചെലവും വിദ്യാഭ്യാസ പ്രതിസന്ധിയും; ഫ്രാൻസ് മുതൽ അമേരിക്ക വരെ സർക്കാരുകൾക്കെതിരെ കത്തിപ്പടർന്ന് പ്രതിഷേധങ്ങൾ | Global protests October

Current: മലയാളം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാരുകൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. വിലക്കയറ്റം, ഉയർന്ന വാടക, ജീവിതച്ചെലവിലെ വർധന, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, പൊതുചെലവുകളിലെ വെട്ടിക്കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങളാണ് ജനങ്ങളെ തെരുവിലിറക്കുന്നത്. ഫ്രാൻസ്, ബെൽജിയം, പോർച്ചുഗൽ, ഇറ്റലി, അൽബേനിയ, അർജന്റീന, തുർക്കി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. (Global protests October)
ഫ്രാൻസിൽ ഇന്ധനവില വർധനയും ജീവിതച്ചെലവും വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് വെട്ടിക്കുറയ്ക്കലുമാണ് പ്രതിഷേധത്തിന് പ്രധാന കാരണങ്ങൾ. അധ്യാപകരും വിദ്യാർഥികളും തുടങ്ങിയ വിദ്യാഭ്യാസ പ്രക്ഷോഭം പിന്നീട് വ്യാപകമായി. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസിന്റെ കണക്കനുസരിച്ച്, വാങ്ങൽശേഷി കുറയുന്നതിനെതിരായ പ്രതിഷേധത്തിൽ 5.5 ലക്ഷം പേർ പങ്കെടുത്തു. ഇതിൽ 1.1 ലക്ഷം പേർ പാരീസിലാണ് തെരുവിലിറങ്ങിയത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ കാലാവധി അവസാനിക്കാനിരിക്കെ സർക്കാരിന് പ്രതിഷേധം വലിയ വെല്ലുവിളിയാണ്.
ബെൽജിയത്തിൽ ഉന്നതവിദ്യാഭ്യാസ ചെലവുകളും ജീവിതച്ചെലവും വർധിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ബ്രസൽസിലും ലീജിലും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയതിനെത്തുടർന്ന് ജലപീരങ്കി പ്രയോഗിച്ചു. പോർച്ചുഗലിൽ കുറഞ്ഞ വേതനം, ഉയർന്ന വാടക, വീടുകളുടെ വിലക്കയറ്റം എന്നിവയ്ക്കെതിരെ ലിസ്ബണിൽ ഉൾപ്പെടെ ആയിരങ്ങൾ മാർച്ച് നടത്തി. 2017നുശേഷം ലിസ്ബണിലും മറ്റു നഗരങ്ങളിലും വീടുകളുടെ വില ഇരട്ടിയിലധികമായതും പുതിയ വാടകക്കരാറുകളിലെ നിരക്കുകൾ കുത്തനെ ഉയർന്നതും യുവാക്കളെയും കുറഞ്ഞ വരുമാനക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇറ്റലിയിലും നിത്യജീവിതച്ചെലവും വിലക്കയറ്റവും വേതനത്തിലെ മുരടിപ്പും പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.
അൽബേനിയയിൽ സർവകലാശാലകളിലെ മോശം സൗകര്യങ്ങൾ, ഉയർന്ന വിദ്യാഭ്യാസച്ചെലവ്, സാമ്പത്തിക സഹായത്തിന്റെ അഭാവം, പഠനശേഷമുള്ള തൊഴിൽസാധ്യതകളുടെ കുറവ് എന്നിവയാണ് വിദ്യാർഥികളെ പ്രതിഷേധത്തിലേക്ക് നയിച്ചത്. ഒക്ടോബർ 13ന് തിരാനയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധം അക്രമാസക്തമായി. പിന്നീട് തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും ഉൾപ്പെടെയുള്ള വിഷയങ്ങളും പ്രക്ഷോഭത്തിന്റെ ഭാഗമായി. അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ എതിർക്കുന്ന ‘നോ കിങ്സ്’ കൂട്ടായ്മ വിവിധ നഗരങ്ങളിൽ റാലികൾ സംഘടിപ്പിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സജീവമാക്കുക എന്ന ലക്ഷ്യവും പരിപാടികൾക്കുണ്ടായിരുന്നു. അർജന്റീനയിൽ പൊതുസർവകലാശാലകൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനെതിരെ വിദ്യാർഥികളും അധ്യാപകരും തൊഴിലാളി സംഘടനകളും പ്രതിഷേധിച്ചു. തുർക്കിയിൽ വിലക്കയറ്റവും അപര്യാപ്തമായ പെൻഷനും ചൂണ്ടിക്കാട്ടി വിരമിച്ചവരും തൊഴിലാളി സംഘടനകളും തെരുവിലിറങ്ങി.
ഇന്ത്യയിലും വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണമായ എസ്‌ഐആറുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും ‘കോക്ക്രോച്ച് ജനത പാർട്ടി’ (സിജെപി) എന്ന പരിഹാസ രാഷ്ട്രീയ കൂട്ടായ്മയും പ്രതിഷേധം നടത്തിയതായി റിപ്പോർട്ട് പറയുന്നു. അതേസമയം, എസ്‌ഐആറിനെതിരായ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ പ്രതിഷേധങ്ങൾ വ്യത്യസ്ത വിഷയങ്ങളിൽ നിന്നാണ് ഉയർന്നതെങ്കിലും ജീവിതച്ചെലവിലെ സമ്മർദവും പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും പല പ്രക്ഷോഭങ്ങളുടെയും പൊതുവായ ഘടകങ്ങളാണ്.
Summary: Protests have spread across France, Belgium, Portugal, Italy, Albania, the United States, Argentina and Turkey over rising living costs, housing affordability, education funding and economic inequality. In India, opposition groups have also protested alleged irregularities in voter-roll revision, which the Election Commission has denied.


