റഷ്യൻ എണ്ണയിൽ നിന്ന് ഇന്ത്യക്ക് പെട്ടെന്ന് പിന്മാറാനാകില്ല; 60 ദിവസം സമയം തേടി ട്രംപ് ഭരണകൂടം | India Russian oil imports

Current: മലയാളം

റഷ്യയിൽ നിന്നുള്ള ഊർജ ഇറക്കുമതി ഒറ്റയടിക്ക് അവസാനിപ്പിക്കുക ഇന്ത്യയ്ക്ക് പ്രയാസമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. റഷ്യയ്ക്കെതിരായ ഉപരോധങ്ങളും മറ്റ് രാജ്യങ്ങൾക്കുമേൽ ചുമത്താവുന്ന അധിക തീരുവകളും ആഗോള സമ്പദ്വ്യവസ്ഥയെയും അമേരിക്കൻ സമ്പദ്വ്യവസ്ഥയെയും എങ്ങനെ ബാധിക്കുമെന്നു വിലയിരുത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 60 ദിവസത്തെ സമയം ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. (India Russian oil imports)
റഷ്യയിൽനിന്ന് എണ്ണയോ പ്രകൃതിവാതകമോ ഏറ്റവും കൂടുതൽ വാങ്ങുന്ന അഞ്ച് രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന നിയമത്തിലെ നടപടികളിൽനിന്ന് ട്രംപ് ഇളവ് അനുവദിച്ചതിനു പിന്നാലെയാണ് റൂബിയോയുടെ പ്രതികരണം. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കാവുന്ന ഉപരോധ നടപടികൾ ദേശീയ താൽപര്യം മുൻനിർത്തിയാണ് താൽക്കാലികമായി ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിനൊപ്പം ആഗോള ഊർജവിപണിയിലെ മറ്റ് പ്രതിസന്ധികളും പരിഗണിക്കേണ്ടതുണ്ടെന്ന് റൂബിയോ പറഞ്ഞു. ഊർജവിതരണത്തെ ബാധിക്കുന്ന സംഘർഷങ്ങൾ ആഗോള വിലകളിൽ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യ ഊർജസ്രോതസ്സുകൾ വൈവിധ്യവത്കരിച്ചിട്ടുണ്ടെങ്കിലും റഷ്യയിൽനിന്നുള്ള ഇറക്കുമതി പെട്ടെന്ന് അവസാനിപ്പിക്കാൻ കഴിയില്ല. അമേരിക്കയുടെ പ്രധാന പങ്കാളി കൂടിയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022ൽ റഷ്യ യുക്രെയ്ൻ അധിനിവേശം നടത്തിയതിനു പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ റഷ്യൻ ക്രൂഡ് ഓയിൽ കുറഞ്ഞ വിലയിൽ ഏഷ്യൻ വിപണികളിലേക്ക് ഒഴുകി. ഇതിന്റെ ഭാഗമായി ഇന്ത്യയും റഷ്യയിൽനിന്നുള്ള എണ്ണവാങ്ങൽ വർധിപ്പിച്ചു. യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ രണ്ട് ശതമാനമോ അതിൽ താഴെയോ മാത്രമായിരുന്നു റഷ്യയുടെ പങ്ക്. പിന്നീട് ചില ഘട്ടങ്ങളിൽ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40–50 ശതമാനം വരെ റഷ്യയിൽനിന്നായിരുന്നു. കഴിഞ്ഞ മാസം പ്രതിദിനം ഏകദേശം 19 ലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഇന്ത്യ ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ട്; ഇത് ആകെ ഇറക്കുമതിയുടെ 35 ശതമാനത്തോളമാണ്.
അതേസമയം, രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നതായി വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് വിവിധ സ്രോതസ്സുകളിൽനിന്ന് ഊർജം വാങ്ങുന്നത് തുടരുമെന്നും വ്യാപാര-സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.
Summary: US Secretary of State Marco Rubio says it would be difficult for India to stop buying Russian energy overnight. President Donald Trump has allowed a 60-day period to assess the economic impact of potential sanctions on Russia and tariffs on major buyers of Russian oil.


