ട്രൂഡോയ്ക്ക് ശേഷം കാനഡയുമായുള്ള നയതന്ത്ര സാമ്പത്തിക ബന്ധങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യ: വ്യാപാര-ഊർജ്ജ മേഖലകളിൽ സഹകരണം ശക്തമാക്കുമ്പോഴും ഖാലിസ്ഥാൻ വിഘടനവാദ വിഷയത്തിൽ കടുത്ത നിലപാട് ആവർത്തിച്ച് ന്യൂഡൽഹി; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ 2026 അവസാനത്തോടെ പൂർത്തിയായേക്കും

Current: മലയാളം

ഒട്ടാവാ: മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കാലയളവില്‍ ഉച്ചസ്ഥായിയിലെത്തിയ നയതന്ത്ര വിള്ളലുകള്‍ക്ക് ശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വീണ്ടും ശക്തമാകുന്നു.
പുതിയ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഉന്നതതല ചര്‍ച്ചകള്‍ പുനരാരംഭിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സി.ഇ.പി.എ) 2026 അവസാനത്തോടെ പൂര്‍ത്തിയാക്കാനുള്ള നീക്കങ്ങള്‍ സജീവമായി.
2023-ല്‍ നിജ്ജാര്‍ വധത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും നയതന്ത്രജ്ഞരെ പുറത്താക്കുകയും വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിലവിലെ പുതിയ മാറ്റം. എന്നാല്‍ ബന്ധം സാധാരണ നിലയിലാകുമ്പോഴും ഖാലിസ്ഥാന്‍ വിഘടനവാദ വിഷയത്തില്‍ ഇന്ത്യയുടെ കര്‍ശനമായ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്ന സന്ദേശവും ശക്തമാണ്.
അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തുന്ന ഉയര്‍ന്ന താരിഫുകളും വ്യാപാര ഭീഷണികളും കാനഡയെ പുതിയ വിപണികള്‍ കണ്ടെത്താന്‍ നിര്‍ബന്ധിതരാക്കുന്നതാണ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഒട്ടാവയെ പ്രേരിപ്പിക്കുന്നത്. സ്വന്തം കയറ്റുമതിയുടെ മുക്കാല്‍ പങ്കിനും യുഎസിനെ ആശ്രയിക്കുന്ന കാനഡയ്ക്ക് വലിയൊരു ബദല്‍ വിപണിയായി ഇന്ത്യ മാറുന്നുണ്ട്.
2025-ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്ക്-സേവന വ്യാപാരം 3,000 കോടി ഡോളറിലെത്തിയിരുന്നു. ഊര്‍ജ്ജ സുരക്ഷാ മേഖലയില്‍ ഇന്ത്യയ്ക്ക് വലിയ പിന്തുണ നല്‍കാന്‍ കാനഡയ്ക്ക് സാധിക്കും. 2026 മാര്‍ച്ച് മാസത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 190 കോടി യുഎസ് ഡോളറിന്റെ പ്രധാന യുറേനിയം കരാര്‍ പ്രകാരം 2035 വരെ 2.2 കോടി പൗണ്ട് യുറേനിയം കാനഡ ഇന്ത്യയ്ക്ക് നല്‍കും.
കൂടാതെ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഐ.ഡി.ബി.ഐ ബാങ്കില്‍ നടത്തുന്ന ഭീമമായ നിക്ഷേപവും ഡല്‍ഹി മെട്രോയ്ക്ക് ബോംബാര്‍ഡിയര്‍ നല്‍കുന്ന സാങ്കേതിക സഹകരണവും ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സാധ്യതകള്‍ക്ക് തെളിവാണ്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള മാനവിക ബന്ധത്തിന്റെ പ്രധാന അടിത്തറ. അടുത്ത കാലത്തായി നാല്‍പ്പത്തിരണ്ടര ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ പഠനം നടത്തുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ കാനഡ അടുത്തിടെ സ്റ്റുഡന്റ് വിസ, സ്റ്റഡി അധിഷ്ഠിത വര്‍ക്ക് പെര്‍മിറ്റ് നിബന്ധനകള്‍ കടുപ്പിച്ചത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
വരാനിരിക്കുന്ന പുതിയ വ്യാപാര കരാറില്‍ വിദഗ്ദ്ധ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൂടുതല്‍ ഇളവുകള്‍ വേണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. സാമ്പത്തിക-വ്യാപാര മേഖലകളില്‍ കാനഡയുമായി കൈകോര്‍ക്കുമ്പോഴും ഖാലിസ്ഥാന്‍ വിഘടനവാദം, ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് നേരെയുള്ള ഭീഷണികള്‍ എന്നിവ അനുവദിക്കില്ലെന്ന വ്യക്തമായ അതിര്‍വരമ്പ് ഇന്ത്യ മുന്നോട്ടുവെക്കുന്നുണ്ട്.






