സ്വപ്നസുന്ദരിയെ കാണാൻ എല്ലാം വിറ്റ് 1,900 കിലോമീറ്റർ യാത്ര; ഒടുവിൽ അറിഞ്ഞത് അവൾ എഐ സൃഷ്ടിയെന്ന് | Edimar Martins Brazil story

Current: മലയാളം

ബ്രസീലിൽ സ്വപ്നത്തിലെ പങ്കാളിയെ നേരിൽ കാണാനായി സ്വന്തം വസ്തുക്കളെല്ലാം വിറ്റ് 1,900 കിലോമീറ്ററിലധികം യാത്ര ചെയ്ത 49കാരന് ഒടുവിൽ നേരിടേണ്ടിവന്നത് കടുത്ത നിരാശ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച് പുതിയ ജീവിതം തുടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു എഡിമർ മാർട്ടിൻസ് എന്ന കെട്ടിടനിർമാണ തൊഴിലാളി. എന്നാൽ, താൻ തേടിയെത്തിയ യുവതി യഥാർഥ വ്യക്തിയല്ലെന്നും നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് സൃഷ്ടിച്ച കഥാപാത്രമാണെന്നും തിരിച്ചറിഞ്ഞതോടെ പ്രതീക്ഷകൾ തകർന്നു. (Edimar Martins Brazil story)
2020ലാണ് ജെസിക്ക ഒലിവെയ്‌റ എന്ന പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ട് മാർട്ടിൻസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ജെസിക്ക ഫസെൻഡെയ്‌റ എന്ന പേരിലും അറിയപ്പെട്ടിരുന്ന ഈ കഥാപാത്രത്തിന്റെ അക്കൗണ്ടിന് മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഫാമിലെ ഗ്രാമീണജീവിതം ചിത്രീകരിക്കുന്ന വീഡിയോകളായിരുന്നു അക്കൗണ്ടിൽ പ്രധാനമായും ഉണ്ടായിരുന്നത്. തന്റെ കൂടെ താമസിക്കാൻ എത്തുന്നവർക്ക് വീടും സാമ്പത്തിക സഹായവും നൽകാമെന്ന തരത്തിലുള്ള വാഗ്ദാനങ്ങളും വീഡിയോകളിലുണ്ടായിരുന്നു. അമ്മയുടെ മരണത്തിനുശേഷം ഏകാന്തത അനുഭവിച്ചിരുന്ന മാർട്ടിൻസ്, ഈ യുവതിയിലൂടെ ജീവിതത്തിൽ പുതിയൊരു തുടക്കം ലഭിക്കുമെന്ന് വിശ്വസിച്ചു. ഒടുവിൽ അവളെ നേരിൽ കാണാനും ഒരുമിച്ച് ജീവിതം തുടങ്ങാനുമുള്ള തീരുമാനത്തിലെത്തി. യാത്രയ്ക്കുള്ള പണം കണ്ടെത്താൻ ഒക്ടോബർ ഒമ്പതിന് തന്റെ കൈവശമുണ്ടായിരുന്ന വസ്തുക്കളെല്ലാം വിറ്റു. തുടർന്ന് ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മാരൻഹാവോയിൽനിന്ന് തെക്കുകിഴക്കൻ മേഖലയിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലേക്ക് ബസിൽ യാത്ര തിരിച്ചു. ഒരു ദിവസത്തിലധികം നീണ്ട യാത്രയ്ക്കുശേഷം ഒക്ടോബർ 11ന് നഗരത്തിലെത്തി.
യുവതിയുടെ ചിത്രങ്ങൾ കൈവശമുണ്ടായിരുന്ന മാർട്ടിൻസ് നഗരത്തിൽ പലരോടും അവളെക്കുറിച്ച് അന്വേഷിച്ചു. എന്നാൽ ആർക്കും യുവതിയെ തിരിച്ചറിയാനായില്ല. തുടർന്ന് ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനിലെത്തിയപ്പോഴാണ് താൻ അന്വേഷിച്ച വ്യക്തി യഥാർഥത്തിൽ നിലവിലില്ലെന്നും സോഷ്യൽ മീഡിയ അക്കൗണ്ട് വ്യാജമാണെന്നും അറിയുന്നത്. അക്കൗണ്ടിന് പിന്നിലുള്ളയാൾ പിന്നീട് കഥാപാത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് സമ്മതിക്കുകയും മാർട്ടിൻസുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ആളുകളുടെ ശ്രദ്ധയും ഇടപെടലും വർധിപ്പിച്ച് അക്കൗണ്ടിന് സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും ഇയാൾ വിശദീകരിച്ചു. യാത്രയ്ക്കായി പണം ചെലവഴിച്ചതോടെ നഗരത്തിൽ കുടുങ്ങിയ മാർട്ടിൻസിന് പിന്നീട് അധികൃതരുടെ സഹായം തേടേണ്ടിവന്നു. ഭക്ഷണം, കുളിക്കാനുള്ള സൗകര്യം, മടങ്ങിപ്പോകാനുള്ള ബസ് ടിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള സഹായങ്ങൾ സാമൂഹികപ്രവർത്തകർ ഒരുക്കി. നിരാശയ്ക്കിടയിലും ജീവിതപങ്കാളിയെ കണ്ടെത്താനുള്ള പ്രതീക്ഷ കൈവിടാൻ അദ്ദേഹം തയ്യാറായിട്ടില്ല. നിലവിൽ ബന്ധുവിനൊപ്പമാണ് താമസം. ബെലോ ഹൊറിസോണ്ടെയിലേക്ക് വീണ്ടും പോയി ഒരാളെ കണ്ടെത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറുമാസത്തിനിടെ എഐ സൃഷ്ടിച്ച കഥാപാത്രത്തെ നേരിൽ കാണാമെന്ന പ്രതീക്ഷയിൽ ബെലോ ഹൊറിസോണ്ടെയിലേക്ക് യാത്ര ചെയ്ത മൂന്നാമത്തെ പുരുഷനാണ് മാർട്ടിൻസ് എന്നാണ് റിപ്പോർട്ടുകൾ. സാമൂഹികമാധ്യമങ്ങളിൽ കാണുന്ന വ്യക്തികളുടെ യഥാർഥ സ്വഭാവവും വിശ്വാസ്യതയും പരിശോധിക്കാതെ അവരുമായി ബന്ധം സ്ഥാപിക്കുന്നതിലെ അപകടസാധ്യതയാണ് ഈ സംഭവം വീണ്ടും ചർച്ചയാക്കുന്നത്.
Summary: A 49-year-old Brazilian man sold his belongings and travelled more than 1,900 km to meet a woman he believed could become his life partner. He later discovered that the woman was an AI-generated character on social media. Local authorities and social workers helped him after he was left stranded.


